വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് മാര്‍ച്ച് പതിനൊന്നിന് തീയറ്ററുകളിലെത്തുകയാണ്. പതിവു ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ സ്വഭാവമുള്ള ചിത്രവുമായാണ് വൈശാഖ് ഇത്തവണ എത്തിയിരിക്കുന്നത്. സൂപ്പര്‍ താരങ്ങളെ മാറ്റിനിര്‍ത്തി ഇത്തവണ ചെറുപ്പക്കാരെയാണ് വൈശാഖ് അവതരിപ്പിക്കുന്നത്. റോഷന് മാത്യുവും അന്ന ബെന്നുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. കപ്പേള എന്ന ചിത്രത്തിന് ശേഷം ഇരുവരും പ്രണയ ജോഡികളായി എത്തുന്ന ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ്.
കപ്പേളയില്‍ അന്ന അവതരിപ്പിച്ച ജെസി എന്ന കഥാപാത്രവും റോഷന്റെ വിഷ്ണുവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാടന്‍ കഥാപാത്രമായായിരുന്നു അന്ന ചിത്രത്തിലെത്തിയത്. റോഷന് ചെയ്തത് നെഗറ്റീവ് കഥാപാത്രമായിരുന്നു. അന്നയുടേയും റോഷന്റേയും അഭിനയത്തെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. കപ്പേളയ്ക്ക് ശേഷം റോഷനും അന്നയും ഒന്നിക്കുന്ന ചിത്രം പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. സസ്പെന്‍സ് ത്രില്ലറായതുകൊണ്ടുതന്നെ പ്രതീക്ഷയേറും.
റോഷനും അന്നയ്ക്കും പുറമേ ഇന്ദ്രജിത് സുകുമാരന്‍, സിദ്ദീഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, പ്രശാന്ത് അലക്സാണ്ടര്‍, സുധീര്‍ കരമന, സുരഭി സന്തോഷ്, ശ്രീവിദ്യ മുല്ലശേരി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു രാത്രിയില്‍ കൊച്ചി നഗരത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ കഥാ പശ്ചാത്തലം. മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലാണ് അന്ന എത്തുന്നത്. ഊബര്‍ ടാക്സി ഡ്രൈവറായി റോഷനുമെത്തുന്നു. സബ് ഇന്‍സ്പെക്ടര്‍ ബെന്നി മൂപ്പനാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രം. വേട്ടയാടപ്പെട്ടവര്‍ വേട്ടക്കാരായി മാറുന്നു എന്ന് ക്യാപ്ഷനോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീത പ്രിന്റോ എന്നിവര്‍ ചേര്‍ന്നാണ് നൈറ്റ് ഡ്രൈവ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ഷാജികുമാര്‍ ഛായാഗ്രഹണവും രഞ്ജിന് രാജ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.