മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ‘നേര്’ തിയറ്ററുകളിൽ വൻവിജയം സ്വന്തമാക്കിയിരിക്കുകയാണ്. 25 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചു. രാജ്യത്ത് ഏകദേശം 500 ഓളം തിയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം രാജ്യത്തിന് പുറത്ത് വിവിധ രാജ്യങ്ങളിലായി 400 ഓളം തിയറ്ററുകളിലും പ്രദർശിപ്പിച്ചു. തിയറ്റർ പ്രദർശനത്തിലൂടെ മാത്രമാണ് 100 കോടി ക്ലബിലേക്ക് ചിത്രം എത്തിയത്. ഒടിടി അവകാശവും ടിവി അവകാശവും സ്വന്തമാക്കിയത് വഴിയുള്ള തുകയ്ക്ക് പുറമേയാണിത്.
അതേസമയം, മലയാളത്തിൽ സൂപ്പർ ഹിറ്റ് ആയി മാറിയ നേര് ഇതരഭാഷകളിൽ റീമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ആന്റണി പെരുമ്പാവൂരും മകൻ ആഷിഷ് ജോ ആന്റണിയും. തെലുങ്കിലും കന്നഡയിലും തമിഴിലും അവിടുത്തെ പ്രമുഖ നിർമാതാക്കളോട് കൈ കോർത്താണ് സിനിമയുടെ നിർമാണം. അതേസമയം, മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ രാജ്യാന്തര വിതരണവും ആഷിഷ് നേരിട്ട് ആണ് നടത്തുന്നത്. ഫാർസ് ഫിലിംസും ആഷിഷ് ജോ ആന്റണിയുടെ ആശിർവാദ് സിനിമാസുമായി ചേർന്നാകും ബറോസിന്റെ രാജ്യാന്തര വിതരണം നടത്തുക.
ഡിസംബർ 21ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. കോർട്ട് റൂം ഡ്രാമയായി എത്തിയ ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷക കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.