ആന്റണി വര്‍ഗീസ് കേന്ദ്രകഥാപാത്രമായി എത്തിയ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തിന് മികച്ച പ്രതികരണം. മലയാളത്തില്‍ വീണ്ടുമൊരു ഫുട്ബോള്‍ മാമാങ്കമെന്നാണ് ചിത്രം കണ്ടിറങ്ങിയ പലരും പ്രതികരിച്ചത്. ഫുട്ബോള്‍ ലവേഴ്സിന് ചിത്രം തീര്‍ച്ചയായും ഇഷ്ടപ്പെടും. തുടക്കം മുതല്‍ ഒടുക്കം വരെ രോമാഞ്ചം അനുഭവപ്പെട്ടതായി ഒരു പ്രേക്ഷകന് അഭിപ്രായപ്പെട്ടു. ആന്റണി വര്‍ഗീസ്, ലൂക്ക് മാന്‍ അടക്കമുള്ളവര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഫുട്ബോള്‍ വേള്‍ഡ് കപ്പിന്റെ കാലത്ത് ആസ്വദിച്ച് കാണാന്‍ കഴിയുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
നിഖില്‍ പ്രേംരാജാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ഒരുക്കിയിരിക്കുന്നത്. ഫുട്ബോളിനെ സ്നേഹിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫുട്ബോള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തുന്നതും, തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, അര്‍ച്ചന വാസുദേവ്, ജെയ്സ് ജോസ്, ആസിഫ് സഹീര്‍, ദിനേശ് മോഹന്‍, ടി.ജി രവി, ഡാനിഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. അച്ചാപ്പു മൂവി മാജിക്, മാസ് മേഡിയ പ്രൊഡക്ഷന്‍ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്.
ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഫായിസ് സിദ്ദിഖാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് നൗഫല്‍ അബ്ദുള്ളയും പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയുമാണ്. മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്, പ്രൊഡക്റ്റ് ഡിസൈനര്‍ അനൂട്ടന്‍ വര്‍ഗീസ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍.