സണ്ണി വെയിനെ നായകനാക്കി ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമ്മിക്കുന്ന അനുഗ്രഹീതൻ ആന്റണിയിയുടെ രണ്ടാമത്തെ ട്രെയിലർ ദുൽഖർ സൽമാൻ തന്റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെ പുറത്തിറക്കി. ചിത്രത്തിൽ ഗൗരി കിഷൻ ആണ് നായിക. നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി വ്യക്തികൾ അവരുടെ സാമൂഹ്യ മാധ്യമങ്ങൾ വഴി ട്രെയിലർ പങ്കുവെച്ചു. ചിത്രം ഏപ്രിൽ ഒന്നിന് തീയറ്ററുകളിൽ റിലീസ് ചെയ്യും. തമിഴിൽ ഒരു പിടി നല്ല സിനിമകൾക്ക് ശേഷം ഗൗരി കിഷൻ മലയാളത്തിലേക്ക് നായികയായി വേഷത്തിൽ എത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്.
അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്. ഹരിശങ്കർ കെ എസ് ആലപിച്ച സമൂഹ മാധ്യമങ്ങളിൽ തരംഗമായ കാമിനി എന്ന ഗാനം പുറത്തിറങ്ങിയ ശേഷം ഇരുപ്പത്തിമൂന്നു മില്യണിലധികം ആളുകളാണ് കണ്ടത്. ടോപ് സിങ്ങർ ഫെയിം അനന്യ ദിനേശിന്റെ ശബ്ദത്തിൽ വന്ന ബൗ ബൗ എന്ന ഗാനവും വിനീത് ശ്രീനിവാസൻ, ഹരിത ബാലകൃഷ്ണൻ എന്നിവർ പാടിയ ‘നീയേ’ എന്ന ഗാനവും പ്രേക്ഷകർ സ്വീകരിച്ചിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസറിനു 1.1 മില്യൺ കാഴ്ചകാരും രണ്ടാമത്തെ ടീസറിനു 1.2 മില്യൺ കാഴ്ചകാരുമുണ്ടായിരുന്നു.
ജിഷ്ണു എസ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം സിദ്ധിഖ്, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും, അരുൺ വെഞ്ഞാറമൂട് ആർട്ട് ഡയറക്ടറുമാണ്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്. ഏപ്രിൽ ഒന്നിന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ വിതരണം ക്യാപിറ്റോൾ സ്റ്റുഡിയോസാണ്. പി ആർ മഞ്ജു ഗോപിനാഥ്.