ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം നടി നിഖില വിമൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭക്ഷണത്തിനായി കൊല്ലുന്നതിൽ പശുവിന് മാത്രമായി ഒരു ഇളവ് ലഭിക്കുന്നത് ശരിയല്ലെന്ന് ആയിരുന്നു നിഖില പറഞ്ഞത്. പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്നായിരുന്നു നിഖില വിമൽ പറഞ്ഞത്. അത്തരത്തിലുള്ള സിസ്റ്റം ആളുകള്‍ ഉണ്ടാക്കി എടുത്തതാണെന്നും ഒരു മൃഗത്തിന് മാത്രം പ്രത്യേക പരിഗണന നല്‍കേണ്ട ആവശ്യമില്ലെന്നും നിഖില വിമല്‍ പറഞ്ഞു. നിഖില വിമൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതിനിടയിലാണ് നിഖിലയെ അഭിനന്ദിച്ച് സംവിധായകൻ അനുരാജ് മനോഹർ രംഗത്തെത്തിയത്. കഴമ്പില്ലാത്ത , ധാരണകളില്ലാത്ത അഴ കുഴമ്പൻ നവ മാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖിലാ വിമൽ എന്നായിരുന്നു അനുരാജ് കുറിച്ചത്.
അനുരാജ് മനോഹർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്, ‘ടൈം ലൈൻ മുഴുവൻ ‘നീലാമൽ’… കഴമ്പില്ലാത്ത , ധാരണകളില്ലാത്ത അഴ കുഴമ്പൻ നവ മാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖിലാ വിമൽ.. ഓൾടെ പടം ജോ&ജോ തിയറ്ററിൽ നല്ല അഭിപ്രായവുമായി ഓടുന്നുണ്ട്..നാളെയല്ല ഇന്ന് തന്നെ കാണണം.❤❤ @nikhilavimalofficial ❤’
തന്റെ പുതിയ ചിത്രമായ ജോ ആൻഡ് ജോയുടെ പ്രമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ ആയിരുന്നു നിഖില വിമൽ ഇങ്ങനെ പറഞ്ഞത്. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ലെന്ന് ആരാണ് പറഞ്ഞതെന്നും അത് മോളിലാണെന്നും നമ്മുടെ നാട്ടിൽ വെട്ടാമെന്നും നിഖില പറഞ്ഞു. ‘നമ്മൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ അങ്ങനെ ഒരു സിസ്റ്റമില്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്നമല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്നാണെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടിൽ പ്രത്യേക പരിഗണനയൊന്നുമില്ല.’ – വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുതെന്നും വെട്ടുകയാണെങ്കിൽ എല്ലാത്തിനെയും വെട്ടണമെന്നും താരം പറഞ്ഞു. വന്യമൃഗങ്ങളെ സംരക്ഷിക്കണം എന്നു പറയുന്നത് അവയ്ക്ക് വംശനാശം സംഭവിക്കുന്നത് കൊണ്ടാണെന്നും നിഖില വ്യക്തമാക്കി. എന്തും കഴിക്കുന്ന ആളാണ് താനെന്നും ഒരു സാധനത്തിന് മാത്രമായി എന്തെങ്കിലും പരിഗണന കൊടുക്കുന്ന ആളല്ലെന്നും നിഖില വ്യക്തമാക്കി. താൻ ഞാന്‍ പശുവിനെയും കഴിക്കും എരുമയെയും കഴിക്കുമെന്നും എല്ലാം കഴിക്കുമെന്നും നിഖില വിമല്‍ പറഞ്ഞു.