ലില്ലി എന്ന ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് പ്രശോഭ് വിജയൻ. ലില്ലിയിൽ സർവൈവൽ ത്രില്ലറാണ് പ്രശോഭ് വിജയൻ അവതരിപ്പിച്ചതെങ്കിൽ ഇപ്പോൾ അന്വേഷണത്തിലൂടെ ഒരു ഇമോഷണൽ ഫാമിലി ത്രില്ലറാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലും ഒരു ഫ്ലാറ്റിലും നടക്കുന്ന കുറച്ചു മണിക്കൂറുകളിലെ ചില സംഭവ വികാസങ്ങളും വിചിത്രമായ ഒരു സത്യത്തിന്റെ ചുരുളഴിക്കലുമാണ് അന്വേഷണം എന്ന ഈ ചിത്രം. സംവിധായകൻ എന്ന നിലയിൽ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് പ്രശോഭ് വിജയൻ.
മീഡിയാ ടെൻ എന്ന ചാനലിലെ ക്രിയേറ്റീവ് ഡയറക്ടറാണ് അരവിന്ദ്. ഭാര്യ കവിതയുടെയും മകൻ അശ്വിന്റെയും ഒപ്പം സ്വസ്ഥവും സന്തോഷകരവുമായ ജീവിതമാണ് അരവിന്ദ് നയിക്കുന്നത്. ഒരു ദിവസം സ്റ്റെയർകേസിൽ വീണ് അബോധാവസ്ഥയിൽ ആയ നിലയിൽ മകൻ അശ്വിൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. കുടുംബസുഹൃത്തായ ഡോക്ടർ ഗൗതവും കവിതയും ചേർന്നാണ് അശ്വിനെ ഹോസ്പിറ്റലിൽ കൊണ്ട് വരുന്നത്. കുട്ടിയുടെ ശാരീരികാവസ്ഥയിൽ പന്തികേട് തോന്നിയ സോണി എന്ന നഴ്സ് രഹസ്യമായി പോലീസിൽ വിവരമറിയിക്കുകയും അൽഫോൺസ് എന്നൊരു പോലീസുകാരനും ലത എന്ന മേലുദ്യോഗസ്ഥയും സംഭവം അന്വേഷിക്കാൻ ഹോസ്പിറ്റലിൽ എത്തുന്നു. ബാലപീഡനമാണോ എന്ന സംശയമാണ് അന്വേഷണത്തിലേക്ക് നയിക്കുന്നത്. അരവിന്ദും ഇതിനിടയിൽ ഹോസ്പിറ്റലിൽ എത്തുന്നു. തുടർന്ന് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി സത്യം ചുരുളഴിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അരവിന്ദായി ജയസൂര്യയുടെ പ്രകടനം മികച്ചു നിൽക്കുന്നതിനോടൊപ്പം തന്നെ ഭാര്യ കവിതയുടെ റോളിൽ ശ്രുതിയും നല്ലൊരു പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്. ഫ്രാൻസിസ് തോമസിന്റെ കഥയും രഞ്ജീത് കമല ശങ്കർ, സലിൽ വി എന്നിവരുടെ തിരക്കഥയുമാണ് ചിത്രത്തിന്റെ നട്ടെല്ലായി നില കൊള്ളുന്നത്. അതിലേക്ക് ജയസൂര്യക്കും ശ്രുതിക്കുമൊപ്പം വിജയ് ബാബു, ലിയോണ ലിഷോയ്, നന്ദു, ലാൽ, ലെന തുടങ്ങിയ കഴിവുറ്റ താരനിര കൂടി ഒത്തുചേർന്നപ്പോൾ പ്രേക്ഷകർക്ക് അന്വേഷണം തികച്ചും ആസ്വാദ്യകരമായി തീർന്നു. ചിത്രത്തിന്റെ കഥാഗതിയായി വളരെ ആഴത്തിൽ സ്പർശിക്കുന്ന പ്രകടനമാണ് ഓരോ അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളിലൂടെ നടത്തിയിരിക്കുന്നത്.
പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കാര്യത്തിൽ ജേക്സ് ബിജോയ് എന്ന മാന്ത്രികന്റെ പശ്ചാത്തല സംഗീതവും വഹിച്ചിരിക്കുന്ന പങ്ക് വളരെ വലുതാണ്. സുജിത് വാസുദേവ് എന്ന കരുത്തുറ്റ ക്യാമറാമാന്റെ പിന്തുണയും ചിത്രത്തിന്റെ കരുത്താണ്. അതോടൊപ്പം തന്നെ അപ്പു ഭട്ടതിരിയുടെ എഡിറ്റിങ്ങും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിൽ നാം കാണുന്നതും കേൾക്കുന്നതുമായ പല സത്യങ്ങളിലേക്കും ചിത്രം വിരൽ ചൂണ്ടുന്നുണ്ട് എന്നത് തന്നെയാണ് അന്വേഷണത്തെ ഏറെ പ്രാധാന്യം ഉള്ളതായി തീർക്കുന്നത്. തീർച്ചയായും തീയറ്ററുകളിൽ തന്നെ കണ്ട് അനുഭവിച്ചറിയേണ്ട ചിത്രമാണ് അന്വേഷണം.