മലയാളസിനിമയ്ക്കായി 30 വർഷത്തിനു ശേഷം ഒരു ഗാനമൊരുക്കി സംഗീതസംവിധായകൻ എ ആർ റഹ്മാൻ. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ‘മലയൻകുഞ്ഞ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം എ ആർ റഹ്മാൻ ഒരു ഗാനമൊരുക്കിയത്. ‘ചോലപ്പെണ്ണേ’ എന്ന ഗാനം കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്. വിനായക് ശശികുമാർ വരികൾ രചിച്ചിരിക്കുന്നത്.
‘ചോലപ്പെണ്ണേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. നവാഗതനായ സജിമോൻ പ്രഭാകർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത് ഫഹദ് ഫാസിലും രജിഷ വിജയനുമാണ്. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദിപക് പറമ്പോൽ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സംവിധായകൻ ഫാസിൽ ആണ് സർവൈവൽ ത്രില്ലർ ആയി ഒരുങ്ങിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത്. ഇതിനു മുമ്പ് എ ആർ സംഗീത സംവിധാനം ചെയ്തത് 1992ൽ പുറത്തിറങ്ങിയ യോദ്ധ എന്ന ചിത്രത്തിനു വേണ്ടി ആയിരുന്നു.