ഫുട്ബോളിനെ ഇത്രത്തോളം സ്നേഹിക്കുന്നവരുടെ നാട്ടിൽ ഫുട്ബോളിന്റെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ ഒരു വിരുന്നുമായെത്തിയിരിക്കുകയാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രവുമായി മിഥുൻ മാനുവൽ തോമസും നിർമാതാവ് ആഷിഖ് ഉസ്മാനും. പ്രേക്ഷകന്റെ പൾസറിയുന്ന ചിത്രങ്ങൾ ഒരുക്കുന്ന ഒരു സംവിധായകൻ എന്ന നിലയിൽ ഏറെ പ്രതീക്ഷകളാണ് മിഥുൻ മാനുവൽ തോമസ് തന്നിരുന്നത്. ചിത്രത്തിന്റെ പേര് സൂചിക്കുന്നത് പോലെ തന്നെ പെണ്ണിനേയും മണ്ണിനേയും പന്തിനേയും സ്നേഹിക്കുന്നവരുടെ കഥയാണ് അർജന്റീന ഫാൻസ് പ്രേക്ഷകർക്കായി അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത കഥാകൃത്ത് അശോകൻ ചരുവിൽ എഴുതിയ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
1994 – ലെ ഫുട്ബോൾ ലോകകപ്പിൽ കൊളംബിയയുടെ അന്ദ്രേ എസ്. കോബാർ സെൽഫ് ഗോൾ അടിച്ചു. അദ്ദേഹത്തെ സ്വന്തം രാജ്യത്തെ തന്നെ മയക്കുമരുന്ന് ലോബി വെടിവെച്ച് കൊന്നു. അദ്ദേഹത്തിനുള്ള സമർപ്പണമായിട്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അർജന്റീന ഫാൻസിന്റെയും ബ്രസീൽ ഫാൻസിന്റെയും പരസ്പരമുള്ള പോരാട്ടങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. അതിനിടയിലും സൗഹൃദവും പ്രണയവും ചിത്രം ചർച്ച ചെയ്തുപോകുന്നു. വിപിനനാണ് അർജന്റീന ഫാൻസിന്റെ നേതാവ്. മെഹറുന്നിസ ഖാദർക്കുട്ടി ബ്രസീൽ ഫാന്സിന്റെയും. ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതോട് കൂടി ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം ശക്തി പ്രാപിക്കുകയും സംഘട്ടനങ്ങളിലേക്ക് വഴി തെളിക്കുകയും ചെയ്യുന്നതോടൊപ്പം മനോഹരമായ പ്രണയവും അവിടെ എഴുതി ചേർക്കപ്പെടുന്നുണ്ട്.
വിപിനനായി കാളിദാസ് ജയറാമും മെഹ്റുവായി ഐശ്വര്യ ലക്ഷ്മിയും അവരുടെ റോളുകൾ മനോഹരമാക്കിയപ്പോൾ പ്രേക്ഷകർക്ക് നല്ലൊരു ഫുട്ബോൾ മത്സരം കണ്ട ഫീലാണ് ലഭിച്ചിരിക്കുന്നത്. ഇരുവരും മികച്ചൊരു കെമിസ്ട്രി ചിത്രത്തിൽ ഉടനീളം പുലർത്തിയിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്. പ്രണയവും കലഹവും പ്രേക്ഷകനിലേക്ക് അതിന്റെ ആഴത്തിൽ ഇറങ്ങിച്ചെല്ലാനും അവരുടെ അഭിനയം ഏറെ ഉപകാരപ്രദമായിട്ടുണ്ട്. മറ്റു താരങ്ങളും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ നൽകിയത്. അനു, അനീഷ് ഗോപാൽ, അസിം ജമാൽ എന്നിവർ ശ്രദ്ധ നേടുന്ന പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
മിഥുനും ജോൺ മന്ത്രിക്കലും ചേർന്നൊരുക്കിയ തിരക്കഥ പ്രേക്ഷകന്റെ ആസ്വാദനത്തെ സാരമായി തന്നെ ബാധിക്കുന്ന ഒന്നാണ്. മികച്ചൊരു കഥാരീതി തന്നെയാണ് ഇരുവരും തയ്യാറാക്കിയിരിക്കുന്നത്. ചിലയിടങ്ങളിൽ കഥ പറയുന്നതിലെ വേഗതക്കുറവ് പ്രേക്ഷകന് ചെറിയൊരു മുഷിപ്പിക്കൽ സമ്മാനിക്കുന്നുണ്ട്. എങ്കിൽ തന്നെയും ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങൾ ഇവക്കെല്ലാം ഒരു പടി മുകളിൽ നിന്ന് പ്രേക്ഷകനെ ആനന്ദിപ്പിക്കുന്നു. രണദിവെയുടെ ക്യാമറ വർക്കുകളും ലിജോ പോളിന്റെ എഡിറ്റിംഗും പ്രശംസനീയമാണ്. ആവേശവും ആഹ്ലാദവും ആകാംക്ഷയും നിറച്ച് ഒരു ഫുട്ബോൾ മത്സരം കാണുന്നത് പോലെ ആസ്വദിക്കാവുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രം പ്രേക്ഷകർക്ക് ഒരു വിരുന്ന് തന്നെയാണ്.