75-ാമത് ലൊകാര്‍ണോ ചലച്ചിത്രമേളയില്‍ പ്രധാന മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള സിനിമയായി കുഞ്ചാക്കോ ബോബന് നായകനായി എത്തുന്ന അറിയിപ്പ്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേള ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. പതിനേഴ് വര്‍ഷത്തിന് ശേഷം പ്രധാന മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതിയും അറിയിപ്പിനാണ്.
ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നതും മഹേഷ് നാരായണനാണ്. നോയിഡയിലെ പകര്‍ച്ചാവ്യാധിയുടെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന മലയാളി ദമ്പതികള്‍ മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിന് പുറത്തേക്ക് കുടിയേറാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. ദമ്പതികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയിലെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു വ്യാജ വിഡിയോ പ്രചരിക്കുകയും അത് അവരുടെ ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുന്നതും സിനിമ പറയുന്നു. കുഞ്ചാക്കോ ബോബന് പുറമേ ദിവ്യപ്രഭ, ലവ്ലീന്‍ മിശ്ര, ഡാനിഷ് ഹുസൈന്, ഫൈസല്‍ മാലിക്, കണ്ണന് അരുണാചലം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുത്തച്ഛനും അച്ഛനും ചേര്‍ന്ന് സ്ഥാപിച്ച ഉദയ പിക്ചേഴ്സ് എന്ന കുടുംബ ചലച്ചിത്ര നിര്‍മാണക്കമ്പനി 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഇത്തരത്തില്‍ ഒരു ബഹുമതി ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബന് പറഞ്ഞു. ഇത് തനിക്കും വ്യക്തിപരമായ ബഹുമതിയാണ്. ഇത് അച്ഛനും മുത്തച്ഛനും കൂടിയുള്ള സമര്‍പ്പണമാണ്. മഹേഷ് നാരായണനും സിനിമയുടെ മുഴുവന്‍ ടീമിനും നന്ദി പറയുന്നുവെന്നും ഇതൊരു അവിസ്മരണീയമായ യാത്രയായിരുന്നുവെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.