ചില യുവതാരങ്ങൾക്ക് എതിരെ സിനിമ സംഘടനകൾ നടപടിയുമായി എത്തിയത് വലിയ വിവാദമായിരുന്നു. ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ ആയിരുന്നു സിനിമ സംഘടനകൾ വിലക്കിയത്. സെറ്റിൽ സമയത്ത് എത്തുന്നില്ല, സംവിധായകരും നിർമാതാക്കളും പറയുന്നത് കേൾക്കുന്നില്ല, ലഹരി ഉപയോഗിക്കുന്നു, അനാവശ്യമായി സിനിമയിൽ ഇടപെടുന്നു എന്നിങ്ങനെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചാണ് വിലക്ക് ഏർപ്പെടുത്തിയത്.
യുവതാരങ്ങളെ വിലക്കിയ വിഷയത്തിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ആസിഫ് അലി. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലായിരുന്നു ആസിഫ് അലി മനസ് തുറന്നത്. ശ്രീനാഥ് ഭാസിയുടെ അടുത്ത സുഹൃത്താണ് ആസിഫ് അലി. അതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ആസിഫ് അലി ഈ വിഷയത്തിൽ പ്രതികരിച്ചത്.
എല്ലാവരും ഓരോ വ്യക്തികളാണെന്നും എല്ലാവർക്കും അവരുടേതായ മോശം സ്വഭാവങ്ങളുണ്ടെന്നും തുറന്നു പറയുകയാണ് ആസിഫ് അലി. അത് മോശമാണെന്ന് തോന്നുകയാണെങ്കിൽ നമുക്ക് തിരുത്താം. എന്നാൽ മോശമാണെന്ന് സ്വയം തോന്നുന്നില്ലെങ്കിൽ അത് തുടരാം. തനിക്കൊരു മോശം സ്വഭാവമുണ്ടെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നെ വിളിക്കുമെന്നും അപ്പോൾ വിളിക്കുന്ന ആൾ ആ റിസ്ക് എടുക്കാൻ തയ്യാറാണോ എന്നതാണ് വിഷയമെന്നും ആസിഫ് അലി പറഞ്ഞു. ഭാസി എങ്ങനെയാണെന്ന് മനസിലാക്കി, ഭാസിയെ ഉപയോഗിക്കാന്‍ തയ്യാറാകുന്നവര്‍ ഉപയോഗിക്കുക. അല്ല ഇങ്ങനെ ആണ് എന്റെ ലൊക്കേഷനില്‍ വന്നാല്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ല എന്നുള്ളവര്‍ വിളിക്കരുത്. ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആസിഫ് അലി വ്യക്തമാക്കി. ഭാസിയുമായി സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നവർ അവനെ മനസിലാക്കി, അവന്റെ സ്വഭാവങ്ങളും, അവന്റെ പ്രശ്നങ്ങളും മനസിലാക്കി സിനിമ ചെയ്യാന്‍ പറ്റുന്നവര്‍ മാത്രം അവനെ വിളിക്കുക എന്നും ആസിഫ് അലി പറഞ്ഞു.