ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കിയ കൂമന് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ആദ്യ ദിനത്തില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതായാണ് ലഭിക്കുന്ന വിവരം. സാങ്കേതികമോ തിരക്കഥാപരമോ ആയ ഗിമ്മിക്കുകളൊന്നുമില്ലാതെ നേരിട്ട് ലളിതമായാണ് കൂമന് കഥപറയുന്നത്. മികച്ച ത്രില്ലറെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുമ്പോള്‍ ആസിഫ് അലിയുടെ പ്രകടനവും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.
ആസിഫ് അലി അവതരിപ്പിക്കുന്ന ഗിരിശങ്കര്‍ ആണ് കൂമനിലെ കേന്ദ്രകഥാപാത്രം. കേരള- തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് ഗിരിശങ്കര്‍. തൊഴിലിനോട് ഏറെ കൂറ് പുലര്‍ത്തുന്ന, കൃത്യനിര്‍വ്വഹണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥനെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും തോന്നുന്ന ഗിരിശങ്കറിന് മറ്റുചില സ്വഭാവ സവിശേഷതകളുമുണ്ട്. വ്യക്തിപരമായോ തൊഴില്‍പരമായോ നേരിടുന്ന കളിയാക്കലുകള്‍ മറക്കാതെ മനസില്‍ വച്ചുള്ള പകപോക്കലാണ് അതിലൊന്ന്. ജോലി ചെയ്യുന്ന നെടുമ്പാറ സ്റ്റേഷനിലെ, തനിക്ക് പിതൃതുല്യനായ സിഐ സോമശേഖരന്‍ പിള്ള വിരമിക്കുന്ന ഒഴിവിലേക്ക് മറ്റൊരാള്‍ വരുന്നതോടെ, തികച്ചും സ്വാഭാവികമായി നടക്കുന്ന ചില സംഭവവികാസങ്ങളില്‍ ഗിരിയുടെ ജീവിതം മാറിമറിയുകയാണ്. അതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയുടെ പ്രധാന ശക്തി. വെറുതെ ഒരു കല്പിത കഥ പറഞ്ഞുപോവുകയാണെന്ന് അനുഭവിക്കാത്ത തരത്തില്‍ പാത്രസൃഷ്ടിയില്‍ മികവ് പുലര്‍ത്തിയിട്ടുണ്ട് കെ ആര് കൃഷ്ണകുമാര്‍. തുടക്കത്തില്‍ തന്നെ നിഗൂഢത ഉണര്‍ത്തി ആ സസ്പെന്‍സ് ഉടനീളം നിലനിര്‍ത്തിക്കൊണ്ടുപോകുന്നതില്‍ കൂമന് വിജയിച്ചുവെന്ന് വേണം പറയാന്‍.
മാജിക് ഫ്രെയിംസ്, അനന്യ ഫിലിംസ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും ആല്വിന് ആന്റണിയും ചേര്‍ന്നാണ് കൂമന് നിര്‍മിച്ചിരിക്കുന്നത്. ആസിഫിന് പുറമേ അനൂപ് മേനോന്, ബാബുരാജ്, രണ്‍ജി പണിക്കര്‍, മേഘനാഥന്, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്, രാജേഷ് പറവൂര്‍, പ്രദീപ് പരസ്പരം നന്ദു ലാല്‍, പൗളി വത്സന്, കരാട്ടെ കാര്‍ത്തിക്ക്, ജോര്‍ജ് മാര്യന്‍, രമേഷ് തിലക്, ജയന് ചേര്‍ത്തല, ദീപക് പറമ്പോള്‍, റിയാസ് നര്‍മ്മ കലാ ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂര്‍, സുന്ദര്‍, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംഗീതം- വിഷ്ണു ശ്യാം, ഗാനങ്ങള്‍- വിനായക് ശശികുമാര്‍, ഛായാഗ്രഹണം- സതീഷ് കുറുപ്പ്, എഡിറ്റിംഗ് വി എസ് വിനായക്, കലാസംവിധാനം രാജീവ് കോവിലകം, കോസ്റ്റ്യും ഡിസൈന്‍- ലിന്‍ഡ ജിത്തു, മേക്കപ്പ്- രതീഷ് വിജയന്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അര്‍ഫാസ് അയൂബ്, അസോസിയേറ്റ് ഡയറക്ടേര്‍സ്- സോണി ജി സോളമന്, എസ്. എ ഭാസ്ക്കരന്‍ പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രണവ് മോഹന്‍, പിആര്‍ഒ- വാഴൂര്‍ ജോസ്, ഫോട്ടോ ബന്നറ്റ് എം വര്‍ഗീസ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.