റിയലസ്റ്റിക്ക് ഡയലോഗുകളും, ഫൈറ്റുകളും, അതിതീവ്രമായ വൈകാരിക മുഹൂർത്തങ്ങളുമൊക്കെ വെട്രിമാരൻ സിനിമകളിലെ പതിവ് കാഴ്ച്ചകളാണ്. അത്തരം കാഴ്ചകൾ സമ്മാനിച്ച് കൊണ്ട് തന്നെയാണ് ധനുഷ് നായകനായ അസുരനും എത്തിയിരിക്കുന്നത്. പൊല്ലാതവൻ, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് വെട്രിമാരൻ ടീമിന്റെ ഒത്തു ചേരലാണ് അസുരൻ. സാമൂഹികമായ ഒരുപാട് വിഷയങ്ങൾ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. വർഗ്ഗ വിവേചനവും, ജാതിപ്പോരും ഉൾപ്പടെയുള്ള കാര്യങ്ങൾ സിനിമ തുറന്ന് കാട്ടുന്നു.
ഒരു ടെൻഷൻ മൂഡ് ക്രീയേറ്റ് ചെയ്തു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. അവസാനം വരെ ആ ടെൻഷൻ സിനിമയിൽ നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വളരെ പിരിമുറുക്കം നിലനിർത്തിയും ചിലയിടങ്ങളിൽ നന്നായി റിലാക്സ് ചെയ്യിച്ചും മുന്നേറുന്ന സിനിമ, തമിഴ് നാട്ടിലെ ജാതിയും രാഷ്ട്രീയവും വ്യക്തമായി പറഞ്ഞു വയ്ക്കുന്നു. ജന്മിയുമായി നടക്കുന്ന വഴക്കേറ്റം ശിവ സ്വാമിയുടെ ജീവിതത്തെ മാറ്റിമറിക്കുകയാണ്. ഒരു എസ്കേപ്പ് ഡ്രാമ ഗണത്തിൽ എത്തിപ്പെടുമായിരുന്ന ചിത്രം മറ്റൊരു തലത്തിലേക്ക് മാറുന്നിടത്താണ് ‘അസുരന്റെ’ യഥാർത്ഥ വിജയം. ധനുഷിന്റെ ശിവ സ്വാമിയെ പ്രശംസിക്കാൻ വാക്കുകളില്ല, ലുക്ക് കൊണ്ടും വർക്ക് കൊണ്ടും എല്ലാം കിടിലം, വൈകാരിക രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. മകനെ രക്ഷിക്കാൻ ഓടുന്ന ശിവസ്വാമിയെ ആളുകൾക്ക് നന്നായി കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നു ധനുഷിലൂടെ. രണ്ടുകുട്ടികളുടെ അച്ഛനായ പാവത്താനായ 45കാരനായും ചോരത്തിളപ്പുള്ള മുൻകോപിയായ ചെറുപ്പക്കാരനായ, വീണ്ടും കുടുംബത്തിനായി തന്റെ അസുരഭാവങ്ങളിലേക്ക് തിരിച്ചുപോകുന്ന മധ്യവയസ്കൻ ആയും ധനുഷ് തകർത്തിരിക്കുന്നു. പച്ചൈയമ്മാൾ മഞ്ജുവിന്റെ അടുത്ത് കണ്ടതിൽ വെച്ച് വിരളമായ നല്ല കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. തമിഴിലേക്കുള്ള അരങ്ങേറ്റം ഇത്ര വൈകിയെങ്കിലും അത് എന്നെന്നും ഓർമയിൽ നിൽക്കുന്ന ശക്തവും മികച്ചതുമായ റോളിലൂടെയാണെന്ന് മഞ്ജു വാര്യർക്ക് അഭിമാനിക്കാം.
ചിത്രത്തിൽ മടുപ്പുളവാക്കുന്നതോ അനാവശ്യമായതോ ആയ ഒരു സീൻ പോലും ഇല്ല എന്നത് ശ്രദ്ധേയമാണ്. മികച്ച പ്രകടനങ്ങളിലൂടെ അഭിനേതാക്കളും പ്രേക്ഷകരെ ആകാംക്ഷയുടെയും ആവേശത്തിന്റെയും നിൽക്കുവാൻ സഹായിക്കുകയും ചെയ്തു. വേൽ രാജിന്റെ ദൃശ്യങ്ങളും, ജി.വി പ്രകാശിന്റെ സ്കോറുകളുമാണ് സിനിമയുടെ ജീവൻ. പീറ്റർ ഹെയ്നിന്റെ ആക്ഷൻ ആണ് ചിത്രത്തിന്റെ ഹൈലൈറ്റു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി വളരെ റോ ആയിട്ടുള്ള ആക്ഷനുകൾ ആണ് ഈ ചിത്രത്തിൽ അദ്ദേഹം ചെയ്തിരിക്കുന്നത്. പ്രി ഇന്റർവെൽ ഫൈറ്റ്, ക്ലൈമാക്സ് ഫൈറ്റ് ഒക്കെ അസാധ്യമായിരുന്നു. ഒരു പക്കാ എന്റർടൈനർ പ്രതീക്ഷിച്ചു പോകുന്നവർക്ക് ഒരു പക്ഷേ നിരാശയായിരിക്കും ഫലം. പക്ഷേ മികച്ചൊരു ചലച്ചിത്രാനുഭവം തേടിപോകുന്നവർക്കുള്ള സമ്മാനമാണ് അസുരൻ.