എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറിന്റെ ക്ലൈമാക്സില്‍ മാറ്റം വരുത്തി. ക്ലൈമാക്സില്‍ പ്രേക്ഷകര്‍ക്കുണ്ടായ ആശയക്കുഴപ്പമാണ് തീരുമാനത്തിന് പിന്നില്‍. മാറ്റംവരുത്തിയ ക്ലൈമാക്സുമായാണ് ചിത്രം ഇനി പ്രേക്ഷകരിലെത്തുക. അതേസമയം, ക്ലൈമാക്സില്‍ മാറ്റം വരുത്തിയതോടെ ചിത്രത്തിന് അവേശകരമായ വരവേല്പ് നല്‍കിയിരിക്കുകയാണ് പ്രേക്ഷകര്‍. രണ്ടാം വാരത്തിലും ഹൗസ്ഫുള് ഷോകളുമായി മഹാവീര്യര്‍ വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്.
ജൂലൈ 21നായിരുന്നു മഹാവീര്യര്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന രാഷ്ട്രീയവും ചിത്രം പറഞ്ഞു. മികച്ച തീയറ്റര്‍ അനുഭവമാണ് ചിത്രമെന്ന് പലരും അഭിപ്രായപ്പെട്ടു. അതിനിടയില്‍ ചിത്രത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. ഒറ്റക്കാഴ്ചയില്‍ ഒന്നും മനസിലാകുന്നില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇതാണ് ക്ലൈമാക്സ് മാറ്റി അവതരിപ്പിക്കാന്‍ കാരണം.
സാഹിത്യകാരന് എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. കഥയ്ക്ക് ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈന്‍ തന്നെയാണ്. പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളിയും പി. എസ് ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.