സിനിമ കണ്ടിട്ട് അതിന്റെ ഏതൊരു കാര്യത്തെകുറിച്ച് പരാമര്‍ശിക്കാനും വിമര്‍ശിക്കാനുമുള്ള പൂര്‍ണ അവകാശം ഓരോ പ്രേക്ഷകനും ഉണ്ടെന്ന് പൃഥ്വിരാജ്. അത് ആരോഗ്യകരമായ കാര്യമാണ് എന്നാണ് കരുതുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
ഇന്ന് സിനിമയെ കുറിച്ച് മാത്രമല്ല. എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള സംവാദങ്ങള്‍ക്ക് വേദികള്‍ നിരവധിയാണ്. പണ്ട് നമ്മള് ഒരു സിനിമ കാണുമ്പോള്‍ അത് കൊള്ളാമെന്നോ കൊള്ളില്ലെന്നോ പറയണമെങ്കില്‍, നമ്മുടെ വീട്ടിലുള്ളവരോട് പറയുമായിരിക്കും, അല്ലെങ്കില്‍ ഒരു സുഹൃത്ത് വലയത്തില്‍ ചര്‍ച്ചചെയ്യുമായിരിക്കും. എന്നാലിന്ന് സിനിമകളെ കുറിച്ച് സംസാരിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും വെബ്സൈറ്റുകളും ഫോറവും ഡിസ്കഷന് പ്ലാറ്റ്ഫോമുകളും ഉണ്ട്. അതുകൊണ്ട് തന്നെ ഇതിനെ കുറിച്ചൊക്കെ സംസാരിക്കാന്‍ ഇടമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
ആര്‍ട്ട് ഓഫ് ഫിലിം മേക്കിങ്ങ് എന്ന് പറയുന്നത് തന്നെ ഇന്ന് വളരെയധികം അഭിഗമ്യമായ ഒന്നായി കഴിഞ്ഞു. പോക്കറ്റില്‍ കിടക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ മതി ഇന്ന് സിനിമയെടുക്കാന്‍. അത് തിയേറ്ററില്‍ റിലീസ് ചെയ്യാം. അത്രയും എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നായി ഫിലിം മേക്കിങ്ങ് മാറി. അതുകോണ്ട് ഇന്ന് ആര്‍ക്കും സിനിമയെക്കുറിച്ച് സംസാരിക്കാമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.