സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി അരുണ്‍ വൈഗ ഒരുക്കിയ ഉപചാരപൂര്‍വ്വം ഗുണ്ട ജയന് തീയറ്ററുകളിലെത്തിയിരിക്കുകയാണ്. സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയുമായാണ് ചിത്രമെത്തിയത്. സിജു വില്‍സണ്‍, ജാഫര്‍ ഇടുക്കി, ഷറഫുദ്ദീന്, ശബരീഷ് വര്‍മ, ജോണി ആന്റണി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രം പുറത്തിറങ്ങി ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഒരു സര്‍പ്രൈസ് ഹിറ്റാകുമോ എന്നാണ് അറിയേണ്ടത്.
ചിത്രം കണ്ട് നിരവധി പേര് അഭിപ്രായവുമായി എത്തി. സൈജു കുറുപ്പിന്റെ വമ്പന്‍ ഹിറ്റെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. സിജു വിത്സന്റെ കഥാപാത്രവും അഭിനന്ദനമേറ്റുവാങ്ങി. ശബരീഷ് വര്‍മയുടെ ഗാനങ്ങളാണ് മറ്റൊരു ഹൈലറ്റായി ചൂണ്ടിക്കാട്ടുന്നത്. ജോണി ആന്റണി, സുധീര്‍ കരമന എന്നിവര്‍ തകര്‍ത്തുവെന്നാണ് മറ്റൊരഭിപ്രായം. ചിത്രത്തിന്റെ ക്ലൈമാക്സിനും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.
വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. സാബുമോന്, സുധീര്‍ കരമന, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്, നയന, പാര്‍വതി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.