മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ ആവേശം കൊള്ളിച്ച ഒരു തീയതിയാണ് ഇന്നത്തേത്. പോലീസിനെയും പ്രേക്ഷകരേയും ഒരേപോലെ പറഞ്ഞു വിശ്വസിപ്പിച്ച ദിനം. 2013 ഡിസംബർ 19 വരെ ആഗസ്റ്റ് 2 എന്ന ദിനം എല്ലാ ദിവസത്തേയും പോലെ ഒരു സാധാരണ ദിനമായിരുന്നു മലയാളികൾക്ക്. ജോർജുകുട്ടിയും കുടുംബവും പാറേപ്പള്ളിയിൽ ധ്യാനത്തിന് പോയപ്പോൾ മുതൽ ആ ദിവസം ഓർമിക്കപ്പെടുവാൻ ഒരു കാരണവുമായി. ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിച്ച, അന്ന് വരെയുള്ള ബോക്സ് ഓഫീസ് റെക്കോർഡുകൾ തകിടം മറിച്ച ‘ദൃശ്യം’ എന്ന ചിത്രത്തിലൂടെ ആഗസ്റ്റ് 2 പ്രേക്ഷകരുടെ ഇടയിൽ ഒരു അവിസ്മരണീയ ദിനമായി. വരുൺ പ്രഭാകറിന്റെ ചരമവാർഷികം എല്ലാ കൊല്ലവും സോഷ്യൽ മീഡിയ ആഘോഷമാക്കുന്നുണ്ട്. മോഹൻലാലിൻറെ മറ്റൊരു മികച്ച പ്രകടനം കണ്ട ചിത്രം മികച്ച മലയാള സിനിമകളുടെ ലിസ്റ്റെടുത്താൽ ഇപ്പോഴും തലപ്പത്ത് തന്നെയുണ്ട്.