സച്ചി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അടുത്തിടെ മലയാളത്തില്‍ നിന്നും ഏറെ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു ഇത്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതില്‍ തെലുങ്ക് റീമേക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചൊവ്വാഴ്ച പുറത്തു വിട്ട ഒരു മേക്കിങ് വീഡിയോയിലാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മകര സംക്രാന്തി ആഘോഷ സമയത്ത് ചിത്രം റിലീസ് ചെയ്യുമെന്നാണ് വീഡിയോയില്‍ പറയുന്നത്.
പവര്‍സ്റ്റാര്‍ പവന് കല്യാണ്‍ ആണ് ബിജു മേനോന് ചെയ്ത അയ്യപ്പന് നായര്‍ എന്ന പൊലീസ് കഥാപാത്രമായി എത്തുന്നത്. ഭീംല നായിക് എന്നാണ് തെലുങ്കു പതിപ്പില്‍ കഥാപാത്രത്തിന്റെ പേര്. മലയാളത്തില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ബിജു മേനോന് അയ്യപ്പന് നായരായി എത്തിയതെങ്കില്‍ തെലുങ്കില്‍ പവന് കല്യാണ്‍ തല ഒട്ടും നരക്കാതെ പ്രായം അധികം തോന്നാത്ത ഗെറ്റപ്പിലാണുള്ളത്. പൃഥ്വിരാജ് ചെയ്ത കോശി എന്ന കഥാപാത്രമായി വരുന്നത് റാണ ദഗ്ഗുബാട്ടിയാണ്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. ഹിറ്റ് ചലച്ചിത്ര നിര്‍മ്മാതാവ് ത്രിവിക്രം ആണ് സംഭാഷണങ്ങള്‍ എഴുതിയത്.
ഈ വര്‍ഷം ആദ്യം പവന് കല്യാണ്‍ കോവിഡ് ബാധിക്കുകയും അദ്ദേഹത്തിന്റെ ഫാംഹൗസില്‍ ചികിത്സയില്‍ കഴിയുകയും ചെയ്തിരുന്നു. തന്റെ പുതിയ ചിത്രമായ വക്കീല്‍ സാബിന്റെ പ്രൊമോഷന് ചെയ്യുന്നതിനിടെയാണ് താരത്തിന് അണുബാധ പിടിപെട്ടതെന്നായിരുന്നു വിവരം. അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും കഴിഞ്ഞ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു. അയ്യപ്പന് നായര്‍ എന്ന പൊലീസ് ഓഫീസറും റിട്ടയേര്‍ഡ് ഹവില്‍ദാര്‍ ആയ കോശി കുര്യനും തമ്മിലുള്ള ഈഗോയാണ് ചിത്രത്തിന്റെ കഥ. 50 കോടിയിലേറെ കളക്ഷന്‍ ചിത്രം നേടിയിരുന്നു. ‘അനാര്‍ക്കലി’ക്ക് ശേഷം പൃഥ്വിയും ബിജു മേനോനും സച്ചിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.