ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ വിജയത്തിൽ ഉയർന്ന് നിൽക്കുന്ന പൃഥ്വിരാജ്, ആ ചിത്രത്തിന് തിരക്കഥ ഒരുക്കിയ സച്ചിയുടെ അടുത്ത തിരക്കഥ, അതും പോരാഞ്ഞിട്ട് അനാർക്കലിക്ക് ശേഷം പൃഥ്വിരാജ് – ബിജു മേനോൻ – സച്ചി കൂട്ടുകെട്ടിന്റെ ചിത്രം… കാരണങ്ങൾ നിരവധിയായിരുന്നു അയ്യപ്പനും കോശിയും കാണുവാൻ. അതിന്റെ കൂടെ മനോഹരമായ ഗാനങ്ങളും കിടിലൻ ടീസറും ട്രെയ്ലറുമെല്ലാം ആ ആവേശം കൂട്ടി. അനാർക്കലിക്ക് ശേഷം വീണ്ടും സംവിധായകന്റെ തൊപ്പി എടുത്തണിഞ്ഞപ്പോൾ സച്ചിയും തന്റെ ഭാഗം മോശമാക്കിയില്ല. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ തന്നെ അദ്ദേഹം ചിത്രമൊരുക്കി.
അട്ടപ്പാടിയിലെ ആനഗന്ദ എന്ന പോലീസ് സ്റ്റേഷനിലെ, റിട്ടയർ ചെയ്യാൻ രണ്ടു വർഷം മാത്രം ബാക്കിയുള്ള എസ്.ഐ. അയ്യപ്പനും, പതിനേഴ് വർഷം പട്ടാളത്തിൽ ഹവിൽദാർ ആയി ജോലി ചെയ്ത കോശിയും തമ്മിലുള്ള ഒരു നിയമപ്രശ്നത്തിൽ നിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. തന്റെ നല്ല പ്രായത്തിൽ പട്ടാളത്തിൽ ആയിരുന്നതിനാൽ ആളുകളോട് എങ്ങനെ പെരുമാറാം എന്ന കാര്യത്തിൽ ഒരു വ്യക്തത ഇല്ലായ്മ കോശിക്കുണ്ട്. അത് തന്നെയാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിടുന്നത്. അത് ഇരുവരും തമ്മിലുള്ള ഒരു പോരാട്ടത്തിലേക്കാണ് നയിക്കുന്നത്. പ്രേക്ഷകനെ ആവേശത്തിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തി തന്നെയാണ് കഥ പുരോഗമിക്കുന്നത്.
പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർക്ക് പൂർണമായും അഴിഞാടുവാനുള്ള ഒരു അവസരം തന്നെയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി പകർന്നത്. അക്ഷരാർത്ഥത്തിൽ ഇരുവരുടെയും അഴിഞ്ഞാട്ടം തന്നെയാണ് ചിത്രം. ആദ്യ പകുതിയിൽ പൃഥ്വിരാജ് സ്കോർ ചെയ്തപ്പോൾ രണ്ടാം പകുതി ബിജു മേനോന്റെ അവസരമായിരുന്നു. അതോടൊപ്പം തന്നെ മറ്റു കഥാപാത്രങ്ങളും അവരുടെ മാസ്മരിക പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചത്. അതിൽ എടുത്ത് പറയേണ്ട ചില പേരുകളാണ് രഞ്ജിത്ത്, ബിജു മേനോന്റെ ഭാര്യയായി എത്തിയ ഗൗരി നന്ദ, രേഷ്മ രാജൻ, സാബു മോൻ, ഷാജു ശ്രീധർ, അനിൽ നെടുമങ്ങാട്, അനു മോഹൻ, , ജോണി ആന്റണി എന്നിവരുടേത്. കോശിക്ക് എതിരെയുള്ള ഒരു സീനിൽ ഗൗരി നന്ദ നടത്തിയ പ്രകടനം വമ്പൻ കൈയ്യടിയാണ് നേടിയത്.
പതിനെട്ടാം പടിയിലെയും ഫൈനൽസിലെയും ഫ്രയിമുകളിലൂടെ ശ്രദ്ധിക്കപ്പെട്ട സുധീപ് ഇളമൺ അട്ടപ്പാടിയുടെ സൗന്ദര്യവും ഗ്രാമഭംഗിയും അതിമനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും സന്ദർഭത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതവും സീനുകൾക്ക് കൂടുതൽ കരുത്തുനൽകി. വില്ലനോ നായകനോ എന്നൊരു ക്ലിഷേ സങ്കല്പത്തിന് ഒരു വെല്ലുവിളി തന്നെയാണ് ചിത്രം. ഒരേ സമയം ഇരുവരേയും ഒരേ പോലെ ഇഷ്ടപ്പെട്ടു പോകുന്ന കാഴ്ച്ച. തീർച്ചയായും തീയറ്ററുകളിൽ പോയിരുന്ന് ആസ്വദിക്കാവുന്ന മികച്ച ഒരു പോരാട്ടം…അല്ല അഴിഞ്ഞാട്ടം…!