ചില നടൻമാരുടെ ഉത്തരവാദിത്തം ഇല്ലായ്മയും ലഹരിക്കേസുകളും സിനിമാമേഖലയിൽ ചർച്ചയാകുമ്പോൾ കൃത്യനിഷ്ഠ കൊണ്ടും ജോലിയോടുള്ള ആത്മാർത്ഥത കൊണ്ടും ശ്രദ്ദേയനാകുകയാണ് ഷൈൻ ടോം ചാക്കോ. സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ തന്നെയാണ് ഷൈനിന്റെ ജോലിയോടുള്ള ആത്മാർത്ഥതയെക്കുറിച്ച് തുറന്ന് പറഞ്ഞത്. സംവിധാനം ചെയ്യുന്ന അടുത്ത പടത്തിൽ നിവൃത്തിയുണ്ടെങ്കിൽ ഷൈനിനെ ആദ്യം പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു അഭിനേതാവെന്ന നിലയിൽ 100 ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈൻ ടോം ചാക്കോയെന്നും അദ്ദേഹം പറഞ്ഞു. വി കെ പ്രകാശ് ചിത്രം ‘ലൈവി’ന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതാരങ്ങളായ ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബി ഉണ്ണികൃഷ്ണന് ഈ പരാമർശം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
‘ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ കാസ്റ്റിങ്ങിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേതായിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങൾ ഇപ്പോൾ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈൻ ടോം ചാക്കോ’; ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.