താന്‍ വിവാഹിതനാകാന്‍ പോവുകയാണെന്ന് നടന് ബാല നേരത്തേ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ അതു ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടന്റെ ഭാഗത്ത് നിന്നും വന്നിരുന്നില്ല. നല്ലൊരു കാര്യം സംഭവിക്കാന്‍ പോകുന്നു എന്ന് മാത്രമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നത്. ഇപ്പോഴിതാ, താരത്തിന്റെ വിവാഹ റിസപ്ഷന് ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.
ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല റിസപ്ഷന് തീയതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ”അതെ, നാളെയാണ് ആ ദിവസം. ജീവിതത്തില്‍ തനിച്ചായ വിഷമഘട്ടങ്ങളില്‍ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു” എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പങ്കുവച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു ബാല വിവാഹിതനായി എന്ന വാര്‍ത്ത ആദ്യം പുറത്തു വന്നത്. വീഡിയോയില്‍ ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് ശ്രീശാന്ത് എലിസബത്തിനെ പരിചയപ്പെടുത്തിയത്. പിന്നീട് എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മലയാളത്തില്‍ നിരവധി ചിത്രങ്ങളിലൂടെ പ്രിയങ്കരനാണ് ബാല. ഗായിക അമൃത സുരേഷുമായിട്ടുള്ള വിവാഹ ബന്ധം 2019ല്‍ വേര്‍പെടുത്തിയിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ വെച്ച് പരിചയപ്പെട്ട ബാലയും അമൃത സുരേഷും പ്രണയത്തിലാവുകയും പിന്നീട് 2010ല്‍ ഇരുവരും വിവാഹിതരാവുകയുമായിരുന്നു. എന്നാല്‍ 2016 മുതല്‍ ബാലയും അമൃതയും വേര്‍പിരിഞ്ഞ് ആയിരുന്നു താമസിച്ചിരുന്നത്. 2019ല്‍ ഔദ്യോഗികമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ഇരുവര്‍ക്കും അവന്തിക എന്ന മകളുണ്ട്.