നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് ആയിരുന്നു ദിലീപിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ, ദിലീപിന് എതിരെ താൻ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ തനിക്കും കുടുംബത്തിനും എതിരെ ദിലീപ് അനുകൂലികളിൽ നിന്ന് നിരന്തര അധിക്ഷേപമാണ് ഉണ്ടാകുന്നതെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കി. കുടുംബത്തിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പത്താം ക്ലാസുകാരനായ മകൻ സ്കൂളിൽ വെച്ച് പരിഹസിക്കപ്പെടുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകൾ നടത്താൻ ആഗ്രഹിക്കുന്നവർ തന്റെ അവസ്ഥ കണ്ട് പിന്നോട്ട് പോയേക്കാമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റ് ചിലരോട് കൂടി ദിലീപ് പറഞ്ഞതായി അറിയാം. എന്നാൽ, ഇക്കാര്യം അവർ ഇനി തുറന്നു പറയുമോ എന്നറിയില്ല. കാരണം തന്നെയാണ് അവർ കാണുന്നത്. തനിക്കെതിരെ പീഡനക്കേസ് വന്നപ്പോൾ തന്റെ മകനെ അധ്യാപകൻ ഇക്കാര്യം പറഞ്ഞ് കളിയാക്കിയെന്നും ദിലീപിന്റെ കൈയിൽ നിന്ന് കാശ് അടിക്കാനല്ലേടാ നിന്റച്ഛൻ ശ്രമിച്ചതെന്നും ഇപ്പോഴത്തെ അവസ്ഥ കണ്ടോയെന്നും ചോദിച്ച് കുട്ടികളുടെ മുമ്പിൽ വെച്ച് കളിയാക്കി. ഇക്കാര്യങ്ങൾ മകൻ ഒരു ബന്ധുവിനോടാണ് പറഞ്ഞത്. ബന്ധുവാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഇതുമായി ബന്ധപ്പെട്ട് താൻ ഡി ഇ ഒയ്ക്ക് പരാതി നൽകാൻ പോകുകയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ഭാര്യക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ഇനിയും വെളിപ്പെടുത്തലുകള്‍ വരാതിരിക്കട്ടെ എന്ന തന്ത്രത്തിന്റെ ഭാഗമായാണ് തനിക്കെതിരെ പരാതികളെന്നും അദ്ദേഹം പറഞ്ഞു. തന്റെ നാടായ നെയ്യാറ്റിന്‍കരയിൽ വലിയ സ്വാധീനമാണ് ദിലീപിന് ഉള്ളത്. കാശ് വാരിയെറിഞ്ഞാണ് അദ്ദേഹം കാര്യങ്ങള്‍ ചെയ്യുന്നത്. ഏതു സമയത്തും അപകടത്തിൽപ്പെടാം എന്ന തരത്തിൽ തനിക്ക് ഫോൺകോളുകൾ വരുന്നുണ്ടെന്നും താൻ മരണപ്പെടാനുള്ള സാധ്യതയുണ്ടെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. പൊലീസ് സംരക്ഷണത്തിലാണ് നിലവിൽ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.