നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറിഞ്ഞോ അറിയാതെയോ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ആയിരുന്നു കഴിഞ്ഞദിവസം ശ്രീലേഖ ഐ പി എസ് നടത്തിയ വെളിപ്പെടുത്തൽ. എന്നാൽ, ശ്രീലേഖ ഐ പി എസ് നടത്തിയ വെളിപ്പെടുത്തലിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. എന്ത് അടിസ്ഥാനത്തിലാണ് അവർ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതെന്ന് അറിയില്ലെന്നും ശ്രീലേഖയുടേത് വെളിപ്പെടുത്തൽ അല്ല ആരോപണങ്ങൾ മാത്രമാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
നടൻ ദിലീപിനോട് അവർക്ക് ആരാധന ഉണ്ടാകാമെന്നും അധികാരത്തിൽ ഇരുന്ന സമയത്ത് എന്തുകൊണ്ട് അവർ ഇക്കാര്യങ്ങൾ സർക്കാരിനെ അറിയിച്ചില്ലെന്നും ബാലചന്ദ്രകുമാർ ചോദിച്ചു. ശ്രീലേഖ പറഞ്ഞത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല. സർവീസിൽ നിന്ന് ഇറങ്ങിയതിന്റെ തൊട്ടടുത്ത ദിവസം മുതൽ അവർ ദിലീപിനെ എങ്ങനെ രക്ഷിക്കാമെന്ന ക്യാംപയിന്റെ തലപ്പത്ത് ജോലി ചെയ്യുകയാണെന്നും ബാലചന്ദ്രകുമാർ ആരോപിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ആയിരുന്നു മുൻ ഡി ജി പി ആർ ശ്രീലേഖ പറഞ്ഞത്. അന്വേഷണസംഘം ദിലീപിന് എതിരെ വ്യാജ തെളിവുണ്ടാക്കിയെന്നും പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം പൊലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറഞ്ഞു. സസ്നേഹം ശ്രീലേഖ എന്ന യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം. പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും ശ്രീലേഖ പറഞ്ഞു. കേസ് നിലനിൽക്കില്ലെന്ന ഘട്ടം വന്നപ്പോൾ യാതൊരു അടിസ്ഥാനവുമില്ലാതെ വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെ പോലുള്ള സാക്ഷികളെക്കൊണ്ട് മാധ്യമങ്ങളുടെ സഹായത്താൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.