നടി അമല പോളിന്റെ പരാതിയിൽ മുൻ കാമുകൻ ഭാവ്നിന്ദർ സിംഗ് അറസ്റ്റിൽ. പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ഗായകൻ കൂടിയായ ഭാവ്നിന്ദർ സിംഗിനെ അറസ്റ്റ് ചെയ്തത്. പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ല ക്രൈം ബ്രാഞ്ച് പൊലീസിന് നടി നൽകിയ പരാതിയിലാണ് ഭാവ്നിന്ദറിനെ അറസ്റ്റ് ചെയ്തത്.
സാമ്പത്തികമായും മാനസികമായും ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും അമല പോൾ പറയുന്നു. ഭാവ്നിന്ദറിന് എതിരെ ചെന്നൈ ഹൈക്കോടതിയിൽ 2020 നവംബറിൽ ആയിരുന്നു നടി മാനനഷ്ട കേസ് ഫയൽ ചെയ്തത്. 2018ൽ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ വിവാഹം കഴിഞ്ഞെന്ന രീതിയിൽ തെറ്റായി പ്രചരിപ്പിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും ആയിരുന്നു പരാതി. അതിൽ ഭാവ്നിന്ദറിന് എതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശിച്ചെന്നും റിപ്പോർട്ടുണ്ട്.
പരമ്പരാഗത രാജസ്ഥാനി വധൂവരൻമാരുടെ വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങൾ 2020 മാർച്ചിലാണ് ഭാവ്നിന്ദർ സോഷ്യൽ മീഡീയയിൽ പങ്കുവെച്ചത്. ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ബോധപൂർവം ശ്രമം നടത്തിയെന്നും നടി ആരോപിച്ചു. ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ പിൻവലിച്ചെങ്കിലും വിവാഹച്ചിത്രങ്ങൾ എന്ന നിലയിൽ നിരവധി പേരാണ് ഇത് ഷെയർ ചെയ്തത്.
നാലു വർഷത്തെ പ്രണയത്തിനു ശേഷം 2014ൽ ആയിരുന്നു സംവിധായകൻ എ എൽ വിജയ്യെ അമല പോൾ വിവാഹം കഴിച്ചത്. എന്നാൽ, 2017ൽ ഈ ബന്ധം വിവാഹമോചനത്തിൽ അവസാനിച്ചു. തുടർന്നാണ് ഭാവ്നിന്ദറിനെ പരിചയപ്പെട്ടത്.