നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയ നായകനാക്കി അമൽ നീരദ് തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്തത്. മാർച്ച് മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മമ്മൂട്ടിയുടെ മൈക്കിളപ്പനെ നെഞ്ചിലേറ്റിയ പ്രേക്ഷകർ ചിത്രത്തിലെ ഓരോ താരങ്ങളുടെയും പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. അതിൽ തന്നെ നടൻ സൗബിൻ ഷാഹിറിന്റെ പ്രകടനമാണ് ആളുകളെ ഏറെ രസിപ്പിച്ചത്. അതിന് മറ്റൊരു കാരണവുമുണ്ട്, ഏകദേശം പതിനഞ്ചു വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കിയുള്ള അമൽ നീരദിന്റെ ആദ്യചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോൾ മഴ പെയ്യിച്ച് നടന്ന ഒരു സഹായി ആയിരുന്നു സൗബിൻ ഷാഹിർ. ആ ചിത്രവും ഇപ്പോൾ വൈറലാണ്. ബിഗ് ബിയുടെ ലൊക്കേഷനിൽ കോരിച്ചൊരിയുന്ന മഴയത്ത് സ്ലോമോക്ഷണിൽ കാറിൽ നിന്ന് മമ്മൂട്ടി ഇറങ്ങുമ്പോൾ അവിടെ ക്യാമറ കണ്ണുകൾക്ക് പുറകിലായി തന്റെ സിനിമ മോഹങ്ങൾ ഉള്ളിലൊതുക്കി ആ ഫ്രെയിമിൽ മഴ പെയ്യിച്ച ഒരു ചെറുപ്പക്കാരൻ ആയിരുന്നു അന്ന് സൗബിൻ. എന്നാൽ, ഇന്ന് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് രണ്ടാമത്തെ ചിത്രം ഒരുക്കുമ്പോൾ അതിൽ സൗബിന്റെ അഴിഞ്ഞാട്ടമാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്.
ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഒരാൾ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്. ബിഗ് ബി ലൊക്കേഷനിൽ മഴ പെയ്യിക്കാൻ പൈപ്പ് ചീറ്റിക്കുന്ന സൗബിൻ ഷാഹിറിന്റെ ചിത്രം പങ്കുവെച്ചാണ് കുറിപ്പ്. ആ കുറിപ്പ് ഇങ്ങനെ, ‘ഏകദേശം പതിനഞ്ചു വർഷങ്ങൾക്ക് മുൻപുള്ള നമ്മുടെ അമൽ നീരദിന്റെ ഒരു ഷൂട്ടിങ്ങ് ലൊക്കേഷൻ… അവിടെ കോരിച്ചൊരിയുന്ന മഴയത്ത് സ്ലോമോഷണിൽ കാറിൽ നിന്ന് ഇറങ്ങുന്ന മമ്മുക്ക..അവിടെ ക്യാമറ കണ്ണുകൾക്ക് പുറകിലായി തന്റെ സിനിമ മോഹങ്ങൾ ഉള്ളിലൊതുക്കി ആ ഫ്രെയിമിൽ മഴ പെയ്യിച്ച ഒരു ചെറുപ്പക്കാരനെ അധികമാരും ശ്രെദ്ധിച്ചു കാണാൻ വഴിയില്ല…അങ്ങനെ കാലം വീണ്ടും കടന്നു പോയി അമൽ നീരദ് തന്റെ സ്വപ്നനായകനെ മുൻനിർത്തി പുതിയ ഒരു ചിത്രവും പുറത്തിറക്കി.. ഇന്ന് ആ സിനിമയിലെ നായകനെക്കാൾ എന്നിലെ പ്രഷകനെ സന്തോഷിപ്പിച്ചത് അതിലെ നായകന്റെ കൂട്ടാളിയായ അമാനുഷികൻ അല്ലാത്ത തികച്ചും സാധാരക്കാരൻ ആയ ഒരു ചെറുപ്പക്കാരൻ ആണ് അതെ അയാൾ തന്നെ സൗബിൻ ഷാഹിർ ❤❤❤
#BheeshmaParvam എന്ന ചിത്രത്തിൽ കാണാൻ സാധിച്ചത് സൗബിന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു…അന്ന് ദൂരെ നിന്ന് ഒരു അത്ഭുതത്തോടെ അയാൾ നോക്കി നിന്നിരുന്ന അതെ നായകന്റെ കൂടെ ഇന്ന് ഒരു ശക്തമായ കഥാപാത്രമായി അയാൾ നിറഞ്ഞാടുന്നത് കാണുമ്പോൾ അഭിമാനം തോന്നുകയാണ്… കഥയുടെ ചിലയിടങ്ങളിൽ എത്തുമ്പോൾ ഇയാൾ ആണോ ഇനി ഈ സിനിമയുടെ യഥാർത്ഥ നായകൻ എന്ന് ചിന്തിച്ചുപോകുകയാണ്. Good job Soubin Shahir,
സൗബിൻ ഇഷ്ട്ടം’ – ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്. ഏതായാലും ഭീഷ്മ പർവം മികച്ച പ്രതികരണങ്ങളുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.