നടൻ മമ്മൂട്ടി മൈക്കിളപ്പനായി എത്തി ആറാടിയ ചിത്രം ‘ഭീഷ്മപർവം’ വമ്പൻ വിജയത്തിലേക്ക്. ചിത്രം ഇതുവരെ 100 കോടിയും മറികടന്നെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ ഒന്നിന് ചിത്രം ഒ ടി ടിയിൽ റിലീസ് ചെയ്യും. തിയറ്ററുകളിൽ തുടരുന്ന വിജയകരമായ പ്രദർശനം അതോടെ അവസാനിക്കും. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ കണക്കുകൾ പുറത്തുവിട്ടത്. ചിത്രം ആകെ മൊത്തം നേടിയ ബിസിനസ് 115 കോടി രൂപയെന്നാണ് കണക്കുകൾ പറയുന്നത്. സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റ്സ് കൂട്ടിയാൽ ഭീഷ്മപർവത്തിന് ലഭിച്ച തുക 23 കോടി രൂപയാണ്. ചിത്രത്തിന്റെ ആഗോള ഗ്രോസ് ഏകദേശം 82 കോടിയോളം രൂപയാണെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആഗോള ഗ്രോസർ ആയിരിക്കുകയാണ് ഭീഷ്മപർവം.
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം മാർച്ച് മൂന്നാം തിയതിയാണ് തിയറ്ററുകളിൽ റിലീസ് ചെയ്ത്. അമൽ നീരദ് തന്നെ ആയിരുന്നു ചിത്രത്തിന്റെ നിർമാണം. വലിയ ഹൈപ്പോടു കൂടി എത്തിയ ചിത്രത്തിന് തിയറ്ററുകളിൽ വലിയ വരവേൽപ്പ് ആണ് ലഭിച്ചത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിയറ്ററുകളിൽ സീറ്റിംഗ് കപ്പാസിറ്റി 50 ശതമാനം ആക്കിയിരുന്നു. എന്നാൽ, മാർച്ച് ഒന്നു മുതൽ സംസ്ഥാനത്തെ തിയറ്ററുകളിൽ 100 ശതമാനം സീറ്റും അനുവദിച്ചു നൽകി. ഇതിനു പിന്നാലെ ആയിരുന്നു ഭീഷ്മപർവം റിലീസിന് എത്തിയത്. തിയറ്ററുകളിൽ നിറഞ്ഞ പ്രേക്ഷകർക്ക് മുമ്പിലാണ് ഭീഷ്മപർവം പ്രദർശനം നടത്തിയത്.
ബിഗ് ബി എന്ന ചിത്രത്തിൽ ആയിരുന്നു അമൽ നീരദും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചത്. ബിഗ് ബി ചെയ്ത് പതിനാലു വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിച്ച ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ഭീഷ്മപർവത്തിനുണ്ട്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. സൗബിൻ ഷാഹിർ, സുദേവ് നായർ, ഹരീഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.