നടൻ മമ്മൂട്ടിയും സംവിധായകൻ അമൽ നീരദും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ബിഗ് ബി. ബിഗ് ബി റിലീസ് ചെയ്ത് പതിനാല് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിച്ചത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഭീഷ്മപർവം എന്ന സിനിമ ഒരുക്കിയപ്പോൾ വലിയ വിജയമാണ് ആ ചിത്രം സ്വന്തമാക്കിയത്. മാർച്ച് മൂന്നിന് ആയിരുന്നു ഭീഷ്മപർവം തിയറ്ററുകളിൽ റിലീസ് ചെയ്തത്. പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്. വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടർന്ന ചിത്രം ഏപ്രിൽ
ഒന്നിനാണ് ഒ ടി ടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തത്.
ഏതായാലും ഒ ടി ടിയിൽ ചിത്രം റിലീസ് ആയതിനു പിന്നാലെ ചിത്രത്തെക്കുറിച്ച് നിരവധി ട്രോളുകളാണ് എത്തുന്നത്. മൈക്കിളപ്പനെയും പിള്ളാരെയുമാണ് ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്. ഒ ടി ടിയിൽ ഭീഷ്മപർവം റിലീസ് ആയതിന് പിന്നാലെ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയ ഇഴകീറി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ട്രോളുകളും സജീവമായിരിക്കുന്നത്.
മൈക്കിളപ്പനെയും അജാസിനെയും ചേർത്തുള്ള ട്രോളുകളാണ് അധികവും. മൈക്കിൾ ആശുപത്രിയിൽ കിടക്കുമ്പോൾ പ്രതികാരം ചെയ്യാൻ അജാസിനെ ഏൽപിക്കുന്നതും മൈക്കിളും ആലീസും തമ്മിലുള്ള ബന്ധവും എന്തിന് മൈക്കിളിന്റെ കട്ടിലും കസേരയും വരെ ട്രോളൻമാരുടെ ചൂട് അറിഞ്ഞിട്ടുണ്ട്. ഏതായാലും ഭീഷ്മപർവം ട്രോളുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.