നീണ്ട ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് എത്തുന്ന സിനിമയാണ് ലളിതം സുന്ദരം. മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മാർച്ച് 18ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. അതിനു മുമ്പായി മാധ്യമങ്ങളെ കാണാൻ മഞ്ജുവാര്യരും ബിജു മേനോനും മധു വാര്യരും എത്തി. മാധ്യമങ്ങൾ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നതിനിടയിലാണ് കൂട്ടച്ചിരിക്ക് കാരണമായ ഒരു ചോദ്യം കൂടിയെത്തി.
സിനിമയിലേക്ക് മടങ്ങിയെത്താൻ പ്രേരണയായത് മഞ്ജു വാര്യർ ആയിരുന്നെന്ന് നവ്യ പറഞ്ഞിട്ടുണ്ടെന്നും അതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും ആയിരുന്നു ഒരു ചോദ്യം. എന്നാൽ, നവ്യ തീരുമാനിക്കാതെ സിനിമ ചെയ്യണമെന്ന് നവ്യയുടെ ഉള്ളിൽ ഒരു സ്പാർക്ക് ഉണ്ടാകാതെ ഒരിക്കലും അത് സംഭവിക്കില്ല എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഇതിനു പിന്നാലെയാണ് സംയുക്ത വർമ്മയെക്കുറിച്ചുള്ള ചോദ്യം എത്തിയത്. ചോദ്യം പൂർത്തിയാകുന്നതിനു മുമ്പേ ബിജു മേനോൻ, ‘ഞാനിത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു’ എന്ന് കൈ ഉയർത്തി പറഞ്ഞു. അപ്പോൾ തന്നെ വേദിയിൽ മഞ്ജു ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിക്കുകയും ചെയ്തു.
സംയുക്ത വർമ്മ തിരിച്ചു വരുമോ എന്ന ചോദ്യത്തിന് ‘തിരിച്ചു വരാൻ അവളെവിടെ പോയി’ എന്നായിരുന്നു ബിജു മേനോന്റെ മറുപടി ചോദ്യം. സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന്, ‘ഒരുപാട് കുടുംബ കാര്യങ്ങളില്ലേ, മോന്റെ കാര്യം നോക്കണം, രണ്ടു പേരും കൂടി വർക് ചെയ്താൽ മോന്റെ കാര്യം ആരു നോക്കും’ എന്ന് ബിജു മേനോൻ പറഞ്ഞു. അതേസമയം, മാറി നിൽക്കാനുള്ള തീരുമാനം സംയുക്തയുടേത് മാത്രമാണെന്നും അത് തനിക്ക് അറിയാമെന്നും മഞ്ജു വാര്യർ പറഞ്ഞു. സിനിമ കാണണമെന്നാണ് പ്രേക്ഷകരോട് പറയാറുള്ളതെന്ന് താരങ്ങൾ പറഞ്ഞു.