തെന്നിന്ത്യൻ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ്. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പാൻ ഇന്ത്യൻ സിനിമയായി എത്തുന്ന ആദിപുരുഷ് റിലീസിന് മുമ്പ് തന്നെ വലിയ രീതിയിൽ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോൾ ഒരു സീറ്റ് ഒഴിച്ചിടണമെന്ന് അണിയറപ്രവർത്തകർ നിർദ്ദേശിച്ചിരുന്നു. ഹനുമാൻ സിനിമ കാണാൻ എത്തുമെന്നാണ് അണിയറപ്രവർത്തകർ വിശ്വസിക്കുന്നത്. അതിനു വേണ്ടിയാണ് സീറ്റ് ഒഴിച്ചിടണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ പ്രി റീലിസിന് ശേഷം സംവിധായകൻ നടിയെ ഉമ്മ വെച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി സ്റ്റേഡിയം താരകരാമ പവലിയനില്‍ വച്ചായിരുന്നു പ്രീ റിലീസ് നടന്നത്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വച്ച് സംവിധായകന് ഓം റൗട്ട് നടി കൃതി സനനിനെ ചുംബിച്ചിരുന്നു. ചടങ്ങിന് ശേഷം യാത്ര പറയുമ്പോഴാണ് ഓം റൗട്ട് കൃതിയെ ആലിംഗനം ചെയ്തത്.
ഇതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്.
ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയ ബിജെപി നേതാവ് രമേഷ് നായിഡു നഗോത്തു പരിപാവനമായ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് മുന്നില്‍, പൊതുസദസിൽ ഇങ്ങനെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ട്വീറ്റ് ചെയ്തു. സോഷ്യൽമീഡിയയിൽ ട്വീറ്റ് ചർച്ചയായതോടെ നായിഡു ഇത് ഡിലീറ്റ് ചെയ്തു. രാമനായി പ്രഭാസ് എത്തുന്ന ചിത്രത്തിൽ സീതയായി വേഷമിടുന്നത് കൃതി സനൻ ആണ്. സെയ്ഫ് അലി ഖാൻ ആണ് രാവണനായി എത്തുന്നത്. ചിത്രം ജൂൺ 16ന് തിയറ്ററുകളിൽ എത്തും. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ് കുമാര്‍, കൃഷന് കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.