കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ജനങ്ങളോട് സ്റ്റാലിന് നയിക്കുന്ന സര്‍ക്കാരുമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ച് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍. സംസ്ഥാനത്ത് രണ്ടാഴ്ച്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്. കൊവിഡ് പ്രതിരോധം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. അതില്‍ ജനങ്ങളും പങ്കാളികളാവണമെന്നും ഖുശ്ബു വ്യക്തമാക്കി. മെയ് പത്തിനാണ് തമിഴ്നാട്ടിൽ ലോക്ക് ഡൗൺ ആരംഭിക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജില്ലാ കളക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മെയ് പത്തിന് പുലര്‍ച്ചെ നാല് മുതല്‍ മെയ് 24 പുലര്‍ച്ചെ നാല് വരെയാണ് ലോക്ക്ഡൗണ്‍.
I urge people of TN to please help the Govt of Shri @mkstalin Avl to fight #covid19 Remember it cannot be done alone by the govt, we play a vital role too. Let’s do our bit. Every drop makes an ocean. 🙏🙏🙏
— KhushbuSundar ❤️ (@khushsundar) May 8, 2021
അതേ സമയം കേരളത്തിൽ ഇന്ന് ലോക്ക് ഡൗൺ ആരംഭിച്ചിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുത്. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ എന്നിവർക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം. പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം വൈകിട്ടോടെ നിലവിൽ വരും. പാഴ്സൽ നൽകാനായി ഹോട്ടലുകൾ പ്രവർത്തിക്കാം. തട്ടുകടകൾ പ്രവർത്തിക്കാൻ പാടില്ല. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. അടിയന്തിരഘട്ടങ്ങളിൽ മാത്രമേ അന്തർജില്ലാ യാത്രകൾ അനുവദിക്കൂ. വാഹന റിപ്പയർ വർക്ക്ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം. ഹാർബർ ലേലം ഒഴിവാക്കും. ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല. ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻരക്ഷാ ഔഷധങ്ങൾ ഹൈവേ പൊലീസ് എത്തിക്കും. അവശ്യസാധനങ്ങൾ വാങ്ങാനായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് ചുരുക്കം. കൊവിഡ് അതിവ്യാപനം പിടിച്ചുനിർത്താൻ മറ്റ് മാർഗ്ഗങ്ങളില്ലാത്തത് കൊണ്ടാണ് കേരളം വീണ്ടും അടച്ചിടുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 25,000 പൊലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങൾ. മുതിർന്ന ഉദ്യോഗസ്ഥരായിരിക്കും മേൽനോട്ടം. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകാൻ പൊലീസ് പാസ് നൽകും. വിവാഹം, മരണം, ആശുപത്രി യാത്രകൾ എന്നിവയടക്കം അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവരെല്ലാം സത്യവാങ്മൂലം നൽകണം. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ അവർ കയ്യിൽ കരുതണം. അന്തർജില്ലാ യാത്രകൾക്കും ഇതേ പാസാണ് വേണ്ടത്. അന്തർസംസ്ഥാന യാത്രക്കാർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇല്ലെങ്കിൽ സ്വന്തം ചെലവിൽ 14 ദിവസം ക്വറന്റീനിൽ കഴിയണം. പൊലീസ് ഇടപെടൽ കർശനമായിരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.