സിനിമ ആസ്വാദകർ ഈ വർഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ ആണ് നായകനായി എത്തുന്നത്. ബെന്യമന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ആരാധകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങളുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പൃഥ്വിരാജ് സുകുമാരൻ എത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ നജീബിനെ പൃഥ്വിരാജ് ആണ് അവതരിപ്പിക്കുന്നത്.
തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് ആണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യം പങ്കുവച്ചത്. നജീബിന്റെ രൂപഭാവങ്ങളില്‍ നില്ക്കുന്ന പൃഥ്വിരാജ് മാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഈ വർഷം ഏപ്രില്‍ 10 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.
എ ആര് റഹ്മാന് സംഗീതം പകരുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. മലയാളികള്‍ക്ക് ഏറ്റവും സുപരിചിതമായ നോവലുകളിലൊന്നാണ് ആടുജീവിതം. അതിലെ നജീബിനെ അവതരിപ്പിക്കുന്നതിനായി ശരീരഭാരം കുറച്ചതടക്കം വലിയ പ്രയത്നമാണ് പൃഥ്വിരാജും നടത്തിയത്. 2018 ഫെബ്രുവരിയിൽ ആരംഭിച്ച ആടുജീവിതത്തിന്റെ ചിത്രീകരണം 2022 ജൂലൈയിൽ ആണ് പാക്കപ്പായത്. അമല പോള്‍ ആണ് ചിത്രത്തിലെ നായിക.