ഗംഭീര തീയറ്റർ എക്സ്പീരിയൻസുമായി വൻ വിജയം കുറിച്ച ചിത്രമാണ് കാന്താര. എന്നാൽ, ബോക്സ് ഓഫീസ് കളക്ഷനുകൾ തിരുത്തിക്കുറിച്ച ഈ കന്നഡ ചിത്രത്തിന് എതിരെ കോപ്പിയടി വിവാദം ഉയർന്നു വന്നിരുന്നു. ചിത്രത്തിലെ പ്രധാന പാട്ടുകളിൽ ഒന്നായ വരാഹ രൂപം പാട്ടിന് എതിരെയാണ് കോപ്പിയടി വിവാദം ഉയർന്നത്. ഈ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം പാട്ടിന്റെ കോപ്പിയടി ആണെന്നായിരുന്നു ആരോപണം. തൈക്കൂടം ബ്രിഡ്ജ് നൽകിയ പരാതിയെ തുടർന്ന് വരാഹരൂപം ഗാനം ചിത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.
വരാഹ രൂപം എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓർക്കസ്ട്രൽ അറേഞ്ച്മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണ്. ഒരേ രാഗം ആയതുകൊണ്ട് തോന്നുന്നതല്ലെന്നും നല്ല ഉറപ്പുണ്ടെന്നും ഗായകൻ ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. കാന്താരയുടെ റിലീസിന് പിന്നാലെ തന്നെ കോപ്പിയടി ആരോപണം ഉയർന്നപ്പോൾ തങ്ങൾ ഒരു ട്യൂണും കോപ്പിയടിച്ചിട്ടില്ലെന്ന് ആയിരുന്നു സംഗീതസംവിധായകൻ അജനീഷ് ലോകേഷ് മറുപടി പറഞ്ഞത്. നവരസ പാട്ട് താൻ കേട്ടിട്ടുണ്ടെന്നും ആ പാട്ട് തന്നെ ഇൻസ്പയർ ചെയ്തിട്ടുണ്ടന്നും എന്നാൽ കോപ്പിയടിച്ചതാണെന്ന് പറഞ്ഞാൽ സമ്മതിച്ചു തരാൻ കഴിയില്ലെന്നും ആയിരുന്നു അജനീഷ് പറഞ്ഞത്.
ഇപ്പോഴിതാ ഋഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും നിർവഹിച്ച് നായകനായി അഭിനയിച്ച കാന്താര 400 കോടിയിലേറെ കളക്ഷൻ നേടിയതിന് പിന്നാലെ ഡിജിറ്റൽ റിലീസായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിൽ എത്തിയിരിക്കുന്ന ചിത്രത്തിൽ വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തിയിട്ടില്ല. ഇത് നീതിയുടെ വിജയമെന്നാണ് തൈക്കൂടം ബ്രിഡ്ജ് പറഞ്ഞിരിക്കുന്നത്.