മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവഹിച്ച മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിന് ശേഷം സ്റ്റൈലിഷ് ആക്ഷൻ ചിത്രവുമായി മെഗാസ്റ്റാർ ചിരഞ്ജീവി എത്തുന്നു. വാൾട്ടർ വീരയ്യ എന്ന പുതിയ ചിത്രം 2023 ജനുവരിയോടെ സംക്രാന്തി റിലീസായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ എസ് രവീന്ദ്ര സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. ചിരഞ്ജീവിക്ക് പുറമേ രവി തേജ, ശ്രുതി ഹാസൻ, കാതറിൻ ട്രീസ, ബോബി സിംഹ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ മെഗാസ്റ്റാറിനെ വിന്റേജ് സ്റ്റെപ്പുകളുമായി ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഉർവശി റൗട്ടേലക്കൊപ്പം ചിരഞ്ജീവി ചുവട് വെക്കുന്ന ബോസ് പാർട്ടി എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് വരികളെഴുതി ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദിനൊപ്പം നകാഷ് അസീസും ഹരിപ്രിയയുമാണ്.
കോണ വെങ്കട്ടും കെ ചക്രവർത്തി റെഡ്ഢിയും തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആർതർ എ വിൽസനാണ്. നിരഞ്ജൻ ദേവരാമനെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. സൽമാൻ ഖാൻ പോലും അഭിനയിച്ചിട്ടും ലൂസിഫറിന്റെ റീമേക്കായ ഗോഡ്ഫാദറിന് പ്രതീക്ഷിച്ച ഒരു വിജയം നേടിയെടുക്കുവാൻ സാധിച്ചിരുന്നില്ല. അതിന് മുൻപ് ഇറങ്ങിയ ആചാര്യയും ചിരഞ്ജീവിക്ക് പരാജയമാണ് സമ്മാനിച്ചത്. അതിനാൽ തന്നെ ഈ ഒരു ചിത്രത്തിലൂടെ വിജയ പാതയിലേക്ക് തിരികെ എത്തുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മെഗാസ്റ്റാർ.