അക്ഷയ് കുമാറും മാനുഷി ചില്ലാറും നായകരായി എത്തിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ജൂൺ മൂന്നിന് ആയിരുന്നു റിലീസ് ചെയ്തത്. എന്നാൽ ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏകദേശം 250 കോടിയോളം മുതൽമുടക്കിൽ ആയിരുന്നു ചിത്രം നിർമിച്ചത്. എന്നാൽ, ഇതുവരെ 48 കോടി മാത്രമേ തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ചിത്രത്തിൽ അക്ഷയ് കുമാർ, മാനുഷി ചില്ലാർ എന്നിവർക്ക് ഒപ്പം സോനു സൂദ്, സഞ്ജയ് ദത്ത് തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തിയിട്ടുണ്ട്. ആദിത്യ ചോപ്രയാണ് ചിത്രം നിർമിച്ചത്.
പൃഥ്വിരാജിന് മുമ്പ് റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രമായ ബച്ചൻ പാണ്ഡെയും പരാജയമായിരുന്നു. 180 കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രത്തിന് 68 കോടി മാത്രമാണ് നേടാനായത്. ബച്ചൻ പാണ്ഡെ വരുത്തിയ നഷ്ടം പൃഥ്വിരാജിലൂടെ നികത്താമെന്നാണ് വിതരണക്കാർ കണക്കു കൂട്ടിയത്. എന്നാൽ, പൃഥ്വിരാജ് എന്ന ചിത്രവും പരാജയപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയാണ് ഇവർ നേരിടുന്നത്.
അതേസമയം, ചിത്രം പരാജയപ്പെട്ട സ്ഥിതിക്ക് വിതരണക്കാരുടെ നഷ്ടം പരിഹരിക്കാൻ അക്ഷയ് കുമാർ തയ്യാറാവണമെന്നാണ് ബിഹാറിലെ വിതരണക്കാർ ആവശ്യപ്പെടുന്നത്. ഒരു ചിത്രം പരാജയപ്പെട്ടാൽ തമിഴിലും തെലുങ്കിലും എല്ലാം വിതരണക്കാരുടെ നഷ്ടം നികത്താൻ താരങ്ങൾ മുൻകൈ എടുക്കാറുണ്ട്. അക്ഷയ് എന്തെങ്കിലും ചെയ്യേണ്ട സമയമാണിതെന്നും വിതരണക്കാർ പറഞ്ഞു. ഹിന്ദി സിനിമകളുടെ തുടർച്ചയായ പരാജയം കടുത്ത ആഘാതമാണ് തങ്ങളിൽ ഉണ്ടാക്കുന്നതെന്നും തങ്ങൾ മാത്രം എന്തിന് സഹിക്കണമെന്നും തങ്ങളുടെ നഷ്ടം ആര് നികത്തുമെന്നും വിതരണക്കാർ ചോദിച്ചു. അക്ഷയ് 100 കോടിയോളമാണ് പ്രതിഫലം വാങ്ങിക്കുന്നതെന്നും തങ്ങളെ സഹായിക്കാൻ അദ്ദേഹത്തിന് സാധിക്കുകയില്ലേയെന്നും വിതരണക്കാർ ചോദിച്ചു. തങ്ങളിൽ പലരും കടം കേറി തകർന്നെന്നും സൂപ്പർ താരങ്ങൾക്ക് അവരുടെ ബാങ്ക് ബാലൻസിനെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂവെന്നും വിതരണക്കാർ പറഞ്ഞു.