മലയാളികളുടെ പ്രിയതാരം മമ്മൂട്ടി നായകനായി എത്തുന്ന സി ബി ഐ പരമ്പരയിലെ അഞ്ചാം സിനിമയായ ‘സിബിഐ 5 ദ ബ്രെയിൻ’ ഔദ്യോഗിക ട്രയിലർ എത്തി. രണ്ട് മിനിട്ടും 23 സെക്കൻഡുമാണ് ട്രയിലർ വീഡിയോ. ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ ട്രയിലർ സ്വീകരിച്ചത്. ട്രയിലർ ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറി കഴിഞ്ഞു. സേതുരാമയ്യരായി മമ്മൂട്ടി എത്തുമ്പോൾ മലയാളസിനിമയിലെ പല പ്രമുഖ താരങ്ങളും ഒപ്പമെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്വര്‍ഗചിത്രയാണ് നിര്‍മ്മാണം. അഖില്‍ ജോര്‍ജ് ആണ് ക്യാമറ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ജേക്സ് ബിജോയ് മ്യൂസിക്കും നിര്‍വഹിച്ചിരിക്കുന്നു. 3 വർഷം കൊണ്ടാണ് എസ് എൻ സ്വാമി സിബിഐയുടെ അഞ്ചാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്.
ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. 130നടുത്ത് ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരേ സംവിധായകനും തിരക്കഥാകൃത്തും നടനും ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിനായി വര്‍ഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തിനും നായകനും ഒഴികെ മറ്റാര്‍ക്കും കഥയുടെ പൂര്‍ണരൂപം അറിയില്ല. സസ്പെന്‍സ് നിലനിര്‍ത്തിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കാലത്തിനൊത്തുള്ള സാങ്കേതികവിദ്യയും സേതുരാമയ്യരും ചേരുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിക്കുകയാണ്. മമ്മൂട്ടി – കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ 1988ലാണ് സിബിഐ സീരിസിലെ ആദ്യചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. ആശ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.
സേതുരാമ അയ്യർക്ക് ഒപ്പം ഇത്തവണ ലേഡി ഓഫീസേഴ്സും ഉണ്ട്. മുകേഷും ജഗതി ശ്രീകുമാറും ചിത്രത്തിൽ ഉണ്ട്. വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ജഗതി ശ്രീകുമാർ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. കൂടാതെ സായ് കുമാർ, രഞ്ജി പണിക്കർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, മുകേഷ്, രമേഷ് പിഷാരടി, ആശ ശരത്, സുദേവ് എന്നു തുടങ്ങി ഒരു വലിയ താരനിരയാണ് വിവിധ കഥാപാത്രങ്ങളായി എത്തുന്നത്. സിബിഐ സീരീസിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് സിബിഐ 5 ദി ബ്രയിന്‍. കോ പ്രൊഡ്യൂസെഴ്സ്: സനീഷ് എബ്രഹാം, മനീഷ് അബ്രഹാം, എക്സി. പ്രൊഡ്യൂസര്‍: ബാബു ഷാഹിര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, വിഷ്ണു സുഗതന്.