മമ്മൂട്ടി-കെ.മധു-എസ്എന്‍ സ്വാമി കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിബിഐ 5 ദി ബ്രയിന്‍ മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചിരിക്കുന്നത്. ചിത്രം കാത്തുസൂക്ഷിച്ച സസ്പെന്‍സും സേതുരാമയ്യരും ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവുമെല്ലാം പ്രേക്ഷകര്‍ ആസ്വദിച്ചു. ചിത്രം ബോക്സോഫീസില്‍ ചലനം സൃഷ്ടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സൈന മൂവീസിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
മെയ് ഒന്നിനായിരുന്നു സിബിഐ 5 ദി ബ്രയിന്‍ തീയറ്ററുകളില്‍ എത്തിയത്. ഒരു മലയാള ചിത്രത്തിന്റെ അഞ്ചാം ഭാഗം പുറത്തിറങ്ങുക എന്നത് ഇതാദ്യമാണ്. ആദ്യ ഭാഗം പുറത്തിറങ്ങി 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ചാം ഭാഗം പുറത്തിറങ്ങുന്നത്. മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാര്‍, സായ്കുമാര് എന്നിവര്‍ ഒഴിച്ച് ബാക്കി അഭിനേതാക്കളെല്ലാം സിബിഐ കുടുംബത്തില്‍ പുതുമുഖങ്ങളാണ്. ഏറെ ആകാംക്ഷയോടെയയായിരുന്നു പ്രേക്ഷകര്‍ ചിത്രത്തെ നോക്കിക്കണ്ടത്.
1988ലായിരുന്നു സിബിഐയുടെ ആദ്യഭാഗമായ ഒരു സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങിയത്. പിന്നാലെ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളുമെത്തി. ആദ്യ ഭാഗമാണ് പ്രേക്ഷകരെ ഏറ്റവും അധികം ത്രസിപ്പിച്ചത്.