തിയറ്ററിൽ വിജയകരമായി പ്രദർശിപ്പിച്ചതിനു ശേഷമാണ് മമ്മൂട്ടി നായകനായി എത്തിയ ചിത്രമായ ‘സി ബി ഐ 5 ദ ബ്രയിൻ’ ഒടിടിയിൽ പ്രദർശനത്തിന് എത്തിയത്. നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിന് എത്തിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ വമ്പൻ ഹിറ്റിലേക്ക് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ ജൂൺ 13 മുതൽ 19 വരെയുള്ള കണക്കെടുത്താൽ ലോകസിനിമകളിൽ നാലാമതാണ് സി ബി ഐ 5.
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത് രണ്ടാമത്തെ ആഴ്ചയും സി ബി ഐ 5 നാലാം സ്ഥാനത്ത് തുടർന്നു. ദാ റോത്ത് ഓഫ് ഗോഡ്, സെന്‍തൗറോ, ഹേര്‍ട്ട് പരേഡ് എന്നീ വിദേശഭാഷ ചിത്രങ്ങളാണ് സി ബി ഐ 5ന് മുന്നിലുള്ളത്. ഹിന്ദി ചിത്രം ഭൂല്‍ഭുലയ്യ 2 സി ബി ഐ 5നു പിന്നിലാണ്. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ 28.8 ലക്ഷം ആളുകളാണ് ചിത്രം പൂർണമായി കണ്ടത്. ഗൾഫ് രാജ്യങ്ങളിലും പാകിസ്ഥാൻ, മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സി ബി ഐ 5 ട്രെൻഡിങ്ങിലെത്തി.
സി ബി ഐ സീരീസിലെ അഞ്ചാം പതിപ്പാണ് കെ മധു സംവിധാനം ചെയ്ത സി ബി ഐ 5. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ് എൻ സ്വാമി ആണ്. രൺജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, സായ് കുമാർ, ജയകൃഷ്ണൻ, മുകേഷ്, കനിഹ, പ്രതാപ് പോത്തൻ, രമേഷ് പിഷാരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ എത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം ജഗതി ശ്രീകുമാർ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുകയും ചെയ്തു.