സി ബി ഐ സീരീസിലെ അഞ്ചാമത്തെ സിനിമയായ ‘സി ബി ഐ 5 ദ ബ്രയിൻ’ ഔദ്യോഗിക ടീസർ റിലീസ് ചെയ്തു. ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള ഒരു ഫയലിനെക്കുറിച്ചാണ് ടീസറിൽ പരാമർശിക്കുന്നത്. ടീസർ റിലീസ് ചെയ്ത് അര മണിക്കൂർ കൊണ്ട് രണ്ടു ലക്ഷത്തിനടുത്ത് ആളുകളാണ് യുട്യൂബിൽ ടീസർ കണ്ടത്. ആരാധകർ ഇരുകൈയും നീട്ടി ടീസറിന് വരവേൽപ്പ് നൽകി. ‘കാലം എത്ര മാറിയാലും സേതുരാമയ്യർക്ക് മാറ്റമില്ല’, ‘വർഷം കഴിയുംതോറും വീഞ്ഞിന്റെ വീര്യം കൂടും ! അത് പോലെയാണ് CBI 🔥മമ്മൂക്ക 🔥ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമാ CBI സീരിസ്’, ‘അഞ്ചു സീസണിലും ഒരുപോലെ അഭിനയിക്കാൻ പറ്റുന്ന കേരളത്തിലെ ഒരേയൊരു മനുഷ്യൻ മമ്മുട്ടി’, ‘സേതുരാമയ്യർ!!! ലോക സിനിമയുടെ ചരിത്രത്തിൽ ആദ്യമായി….. 34 വർഷങ്ങൾക്ക് ശേഷവും… ഒരു കഥാപാത്രം… അതേ രൂപത്തിലും…. ഭാവത്തിലും…. വീണ്ടും…. പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നു….!! ചരിത്രനിമിഷം! മലയാള സിനിമാ പ്രേക്ഷകരുടെ അഭിമാനം…..! Proud of U മമ്മൂക്കാ’ എന്നിങ്ങനെ പോകുന്നു ടീസറിന് ലഭിച്ച കമന്റുകൾ.
സ്വർഗചിത്ര അപ്പച്ചൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ മധു ആണ്. എസ് എൻ സ്വാമിയാണ് ചിത്രത്തിന്റെ രചന. ജേക്സ് ബിജോയി ആണ് സംഗീതം. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. 130നടുത്ത് ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരേ സംവിധായകനും തിരക്കഥാകൃത്തും നടനും ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിനായി വര്‍ഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തിനും നായകനും ഒഴികെ മറ്റാര്‍ക്കും കഥയുടെ പൂര്‍ണരൂപം അറിയില്ല. സസ്പെന്‍സ് നിലനിര്‍ത്തിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കാലത്തിനൊത്തുള്ള സാങ്കേതികവിദ്യയും സേതുരാമയ്യരും ചേരുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിക്കുകയാണ്.
സേതുരാമ അയ്യർക്ക് ഒപ്പം ഇത്തവണ ലേഡി ഓഫീസേഴ്സും ഉണ്ട്. മുകേഷും ജഗതി ശ്രീകുമാറും ചിത്രത്തിൽ ഉണ്ട്. വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ജഗതി ശ്രീകുമാർ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. കൂടാതെ സായ് കുമാർ, രഞ്ജി പണിക്കർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, മുകേഷ്, രമേഷ് പിഷാരടി, ആശ ശരത്, സുദേവ് എന്നു തുടങ്ങി ഒരു വലിയ താരനിരയാണ് വിവിധ കഥാപാത്രങ്ങളായി എത്തുന്നത്. സിബിഐ സീരീസിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് സിബിഐ 5 ദി ബ്രയിന്‍. കോ പ്രൊഡ്യൂസെഴ്സ്: സനീഷ് എബ്രഹാം, മനീഷ് അബ്രഹാം, എക്സി. പ്രൊഡ്യൂസര്‍: ബാബു ഷാഹിര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, വിഷ്ണു സുഗതന്
Updating