ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്ത നടന് മോഹന്‍ലാലിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സാണ് മോഹന്‍ലാലിനെ അഭിനന്ദിച്ചത്. അഭിനന്ദനം അറിയിച്ചുള്ള സര്‍ട്ടിഫിക്കറ്റ് പങ്കുവച്ച് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് മോഹന്‍ലാല്‍ നന്ദി അറിയിച്ചു. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആന്റണി പെരുമ്പാവൂരിന്റെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിനും അംഗീകാരം ലഭിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ട്വല്‍ത്ത് മാന്‍ ആണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘ദൃശ്യം രണ്ടി’ന് ശേഷം മോഹന്‍ലാലും ജീത്തു ജേസഫും ഒന്നിച്ച ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിച്ചത്. കെ ആര് കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. അനുശ്രീ, അദിതി രവി, അനു സിതാര, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, പ്രിയങ്ക, ശിവദ നായര്‍ തുടങ്ങി നിരവധി പേര് ചിത്രത്തില്‍ അഭിനയിച്ചു.