സ്കൂളുകളിലും കോളേജുകളിലും ഇത് യാത്രയയപ്പിന്റെ സമയമാണ്. ഇത്തവണത്തെ യാത്രയപ്പിൽ നഴ്സറി ക്ലാസ് മുതൽ കോളേജ് തലം വരെ ഒറ്റവാക്ക് ആണ് ഉണ്ടായിരുന്നത്. ‘ചാമ്പിക്കോ’ എന്നതായിരുന്നു ആ വാക്ക്. മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവം സിനിമയിലെ മമ്മൂട്ടി സ്റ്റൈൽ ഡയലോഗ് കുട്ടിപട്ടാളം മുതൽ വലിയ ചേട്ടായിമാർ വരെ ഏറ്റെടുത്തത്. ഗ്രൂപ്പ് ഫോട്ടോ എടുക്കാനായി തയ്യാറായി നിൽക്കുന്ന ക്ലാസ്. അതിന്റെ നടുവിൽ ക്ലാസ് ടീച്ചർക്ക് ഇരിക്കാനുള്ള സീറ്റ് ഒഴിച്ചിട്ടുണ്ട്. എല്ലാവരും തയ്യാറായി നിന്നു കഴിയുമ്പോൾ ടീച്ചർ നടുവിൽ തയ്യാറാക്കി വെച്ചിരിക്കുന്ന കസേരയിലേക്ക് വന്നിരുന്ന് ‘ചാമ്പിക്കോ’ എന്ന സ്റ്റൈൽ കാണിക്കുന്നു. അപ്പോൾ എല്ലാവരും ഒരേ സ്റ്റെലിലേക്ക് കൈയും കാലും മാറ്റുന്നു, തുടർന്ന് ഫോട്ടോ എടുക്കുന്നു. ഇതാണ് ട്രെൻഡ്. നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ ട്രെൻഡ് ആയിരിക്കുന്നത്. ചുരുക്കത്തിൽ ഇത്തവണത്തെ യാത്രയയപ്പ് പാർട്ടികൾ ‘ഭീഷ്മപർവ്വം’ കൊണ്ടുപോയി എന്ന് പറയുന്നത് ആയിരിക്കും ശരി.
ഭീഷ്മപർവ്വം സിനിമയിൽ മൈക്കിളപ്പനായി മമ്മൂട്ടി നിറഞ്ഞാടുകയായിരുന്നു. മമ്മൂട്ടി കുടുംബത്തിനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന സിനിമയിലെ മാസ് രംഗത്തെ അനുസ്മരിച്ചാണ് ‘ചാമ്പിക്കോ’ ഫോട്ടോ സെഷൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ടീച്ചർമാർ മുതൽ എം എൽ എ മാർ വരെ ചാമ്പിക്കോ ഫോട്ടോയിലുണ്ട്. ചിത്രത്തിലെ പശ്ചാത്തലസംഗീതവും ചേർത്താണ് വീഡിയോ എത്തുന്നത്. അമൽ നീരദ് സൃഷ്ടിച്ച മൈക്കിളപ്പിനെയും കുടുംബത്തെയും സ്റ്റൈലും സ്ലോ മോഷനും കൊണ്ട് അതേ രീതിയിൽ തന്നെ റിക്രിയേറ്റ് ചെയ്യാൻ പലരും ശ്രമിക്കുന്നുണ്ട്.
മാർച്ച് മൂന്നിന് ആയിരുന്നു ഭീഷ്മപർവ്വം തിയറ്ററുകളിൽ റിലീസ് ചെയ്തത്. വിജയകരമായി ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടിയെ കൂടാതെ സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, സുദേവ് നായർ, ഷെബിൻ ബെൻസൻ, ലെന, ശ്രിന്ദ, ജിനു ജോസഫ്, അനഘ, വീണ നന്ദകുമാർ, മാലാ പാർവതി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അടുത്ത കാലത്ത് വലിയ പ്രി റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു ഭീഷ്മപർവ്വം. മമ്മൂട്ടിയും അമൽ നീരദും ആദ്യമായി ഒന്നിച്ച ചിത്രം ബിഗ് ബി ആയിരുന്നു. ബിഗ് ബി റിലീസ് ചെയ്ത് 14 വർഷത്തിനു ശേഷം ഇരുവരും ഒരുമിച്ച ചിത്രമായിരുന്നു ഭീഷ്മ പർവ്വം.