മികച്ച ഗായികയ്ക്കുള്ള 2020ലെ ദേശീയ ചലച്ചിത്ര അവാർഡ് നഞ്ചിയമ്മയ്ക്ക് ലഭിച്ചതിനു പിന്നാലെ വിമർശനങ്ങളുമായി ചിലർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ നഞ്ചിയമ്മയ്ക്ക് അവാർഡ് ലഭിച്ചതിൽ അഭിമാനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. അവരെത്തേടി ഇന്ത്യൻ സിനിമയിലെ 2022ലെ മികച്ച ഗായിക എന്ന ബഹുമതി എത്തിയപ്പോൾ തന്നപ്പോലെ ഒന്നുമില്ലായ്മയിൽ നിന്നു വന്നവരുടെ വിജയം കൂടിയാണ് അതെന്ന് ഷെഫ് സുരേഷ് പിള്ള കുറിച്ചു. തന്നെപ്പോലുള്ളവർക്കും അഭിമാനിക്കാമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സുരേഷ് പിള്ള പറഞ്ഞു. ഷെഫ് സുരേഷ് പിള്ള ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്, ‘നഞ്ചിയമ്മക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് എത്ര മനോഹരമായ നാടൻ പാട്ടിന്റെ ഈണം പോലിത് കേട്ടത്.
‘‘ കളക്കാത്ത സന്ദനമാരാ
വെക് വെകാ പൂത്ത്റ്ക്ക്
പൂ പറിക്കാ പോകിലാമ
വിമാനത്തെ പാക്കിലമാ ’’
നിരക്ഷരയായ ഒരു സ്ത്രീയുടെ കണ്ഠത്തിൽ നിന്നുയർന്ന കാട്ട് പൂവിന്റെ ഗന്ധമുള്ള കാട്ടാറ് പോലെ തെളിഞ്ഞൊഴുകിയ ഈ പാട്ട്. ഈ പാട്ടിന്റെ പേരിലാവാം അട്ടപ്പാടി എന്ന ഗ്രാമം ഇനി ലോകത്തിന്റെ മുന്നിൽ അറിയപ്പെടുന്നത്.‘‘നമ്മുടെ കുഞ്ഞി മക്കളെ ഉറക്കാനും കളിപ്പിക്കാനും നമ്മള് സ്വന്തമായി പാട്ടുണ്ടാക്കി പാടണം. ഞങ്ങളൊക്കെ അങ്ങനാണ് പാട്ട് ഉണ്ടാക്കുന്നതും പാടുന്നതും…” എന്നു പറഞ്ഞ നഞ്ചിയമ്മക്ക് കാലം കരുതിയ സമ്മാനമാണിത്. അവർ കാലിമേയ്ച്ചു, പള്ളിക്കൂടത്തിൽ പോയില്ല, ഊരിലെ വിശേഷങ്ങൾക്കപ്പുറം ഒരു ലോകമില്ലായിരുന്നു അവർക്ക്. എന്നിട്ടും അവരെത്തേടി ഇന്ത്യൻ സിനിമയിലെ 2022ലെ മികച്ച ഗായിക എന്ന ബഹുമതി എത്തിയപ്പോൾ എന്നപ്പോലെ ഒന്നുമില്ലായ്മയിൽ നിന്നു വന്നവരുടെ വിജയം കൂടിയാണ്, എന്നെപ്പോലുള്ളവർക്കും അഭിമാനിക്കാം.
മഹേന്ദ്ര സിംഗ് ധോനി എന്ന ക്രിക്കറ്റർ ഒരു ക്രിക്കറ്റ് ശൈലി പുസ്തകവും പഠിച്ച് കളിച്ചയാളല്ല, വന്യമായ കരുത്തോടെ തന്റേതായ ശൈലിയിൽ റാഞ്ചിയിൽ നിന്നും അടിച്ചു പറത്തിയ പന്ത് ലോക കപ്പുകളുടെ നെറുകയിലേക്കാണ് ചെന്നെത്തിയത്. മറ്റൊരാൾ വീരേന്ദ്ര സെവാഗ്, ബോളർന്മാരുടെ പേടി സ്വപ്നമായ വിരേന്ദർ സെവാഗ് ക്രിക്കറ്റ് പണ്ഡിതന്മാടുടെ നിഘണ്ടുവിൽ ഒതുങ്ങാത്ത ബാറ്റ്സ്മാനായിരുന്നു. പക്ഷേ ഇന്ത്യയിൽ നിന്നു പിറന്ന മൂന്ന് ട്രിപ്പിൾ സെഞ്ചറികളിൽ രണ്ടെണ്ണം ആ മനുഷ്യന്റെ കൈക്കുഴയിൽ നിന്നായിരുന്നു, ടെസ്റ്റിലെ ട്രിപ്പിളും വൺഡേയിൽ ഡബിളും സമ്മാനിച്ച മാന്ത്രികൻ.ഇവരെല്ലാം നമുക്കായി ഒരുക്കിയ വിഭവങ്ങൾ നമ്മുടെ ഇഷ്ടങ്ങളെ വിരുന്നൂട്ടി. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടിട്ടും നഞ്ചിയമ്മയ്ക്ക് എത്തിയ അംഗീകാരത്തെ ഉൾക്കൊള്ളാൻ മടിക്കുന്ന മനസുള്ളവർ എല്ലാക്കാലത്തുമുണ്ട്. അക്കാദമിക് പിൻബലമില്ലാത്ത ഹോട്ടൽ മാനേജ്മെന്റ് പഠിക്കാതെ വന്നിട്ടും നക്ഷത്ര ഹോട്ടലിന്റെ എക്സിക്യൂട്ടീവ് ഷെഫ് ഒക്കെയായി വന്ന നേരത്തും എവിടെയെക്കയോ ഇത്തരം പ്രതികരണങ്ങൾ കേട്ടിരുന്നു. നിരാശ തോന്നിയെങ്കിലും അവിടൊന്നും തളർന്നില്ല.
ഒരുപാടിടത്ത് തഴയപ്പെട്ട ശേഷം പൊരുതിക്കയറിയ ജീവിതമാണ് എന്റേതും. ലക്ഷത്തിൽ ഒരാൾക്കാവും ഇങ്ങനെ ഒരു അവാർഡ് കിട്ടുക. നാളെ ഇതുപോലെ വരുന്ന എല്ലാവർക്കും ഇതുപോലെ ആവാൻ പറ്റണമെന്നുമില്ല. പക്ഷേ അങ്ങനെ കയറി വരുന്നവരെ നമ്മളല്ലേ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കേണ്ടത്. സ്നേഹം വാരി വിതറേണ്ടത്. എന്റെ രുചി വിഡിയോകളിൽ ഇനിയും മുഴങ്ങും നഞ്ചിയമ്മാ, അമ്മയുടെ ശബ്ദം.. ‘‘കളക്കാത്ത സന്ദനമാരാ…! ’’’