ഏറ്റെടുക്കുന്ന കഥാപാത്രങ്ങളുടെ പൂർണതക്കായി ഏതറ്റം വരെ പോകുവാനും മടിയില്ലാത്ത നടനാണ് ചിയാൻ വിക്രമെന്ന് എല്ലാ പ്രേക്ഷകർക്കും അറിയാവുന്നതാണ്. കാശിയിൽ അന്ധനായി അഭിനയിക്കുവാൻ കഠിനാധ്വാനം ചെയ്ത വിക്രം ശങ്കർ ഒരുക്കിയ ഐയിൽ കൂനനാകുവാൻ സംവിധായകൻ ആവശ്യപ്പെടാതിരുന്നിട്ടും ശരീരഭാരം കുറച്ചിരുന്നു. തമിഴിലാണ് സജീവമെങ്കിലും മലയാളത്തിലും കൈനിറയെ ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും മലയാളത്തിലും പ്രശംസ നേടാറുണ്ട്.
വിക്രം നായകനാകുന്ന പാ രഞ്ജിത്ത് ചിത്രം തങ്കലാന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇന്നേവരെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത ഒരു ലുക്കിലാണ് താരം എത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന തങ്കലാന് നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സ് ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സില് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാൻ ഒരുങ്ങുന്നതെന്നാണ് വിവരം.
‘My character will not have any dialogues in this film’, says Vikram at #Thangalaan Telugu teaser launch in Hyderabad. pic.twitter.com/EAjaWzx0w9
— Aakashavaani (@TheAakashavaani) November 1, 2023
പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ ഇപ്പോൾ വിക്രം നടത്തിയിരിക്കുകയാണ്. തങ്കലാനിൽ തനിക്കൊരു ഡയലോഗ് പോലുമില്ലെന്നാണ് ഹൈദരാബാദിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ടീസർ ലോഞ്ചിൽ അദ്ദേഹം വെളിപ്പെടുത്തിയത്. 2024 ജനുവരി ഇരുപത്തിയാറിനാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. പാ രഞ്ജിത്, തമിഴ് പ്രഭ എന്നിവരുടെ കഥക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പാ രഞ്ജിത്, തമിഴ് പ്രഭ, അഴകിയ പെരിയവൻ എന്നിവർ ചേർന്നാണ്.
വിക്രം, മാളവിക മോഹനൻ, പാർവതി തിരുവോത്ത്, പശുപതി, ഡാനിയേൽ കാൽറ്റാഗിറോൺ, ഹരികൃഷ്ണൻ അൻപുദുരൈ, മുത്തുകുമാർ, അർജുൻ അൻപുടൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത് എ കിഷോർ കുമാറും എഡിറ്റിംഗ് നിർവഹിക്കുന്നത് സെൽവ ആർ കെയുമാണ്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഏകദേശം 150 കോടിയോളമാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.