പ്രണയദിനത്തിന്റെ ക്ഷീണം മാറുന്നതിന് മുന്നേ നല്ലൊരു പ്രണയകാവ്യം സിനിമാപ്രേമികൾ തേടിയെത്തുകയാണ്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ മാത്യു തോമസും പട്ടം പോലെ എന്ന സിനിമയിലൂടെ സിനിമാപ്രേമികളുടെ ഹൃദയം കീഴക്കിയ മാളവികയും നായകരായി എത്തുന്ന ക്രിസ്റ്റി നാളെ മുതൽ തിയറ്ററിലേക്ക്. നേരത്തെ യുട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രയിലറിനും പൂവാർ പാട്ടിനും വൻ സ്വീകരണമായിരുന്നു ലഭിച്ചത്.
ആൽവിൻ ഹെൻറിയാണ് ക്രിസ്റ്റിയുടെ കഥയും സംവിധാനവും. ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ്. റോക്കി മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ സാജെയ് സെബാസ്റ്റിനും കണ്ണൻ സതീശനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രം ഗാനങ്ങൾ ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ക്യാമറ ചെയ്തിരിക്കുന്നത്. മനു അന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. കെട്ടുറപ്പുള്ള ഒരു കഥയുടെ പിന്‍ബലത്തിലൂടെ ഒരുങ്ങുന്ന ഈ ചിത്രം ഒരു സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ച കൂടിയാണ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. കായലും കടലും ഒത്തുചേരുന്ന അപൂര്‍വ്വ സ്ഥലമായ പൊഴികൊണ്ട് ശ്രദ്ധേയമായ പൂവാറാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.