ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണ് ‘ചുരുളി’. തെറി അടങ്ങിയ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ ചിത്രം വിവാദത്തിലായിരുന്നു. എന്നാല്‍ ചിത്രത്തിന് എതിരെ നല്കിയ ഹര്‍ജിയില്‍ ക്ലീന്‍ ചിറ്റ് ആണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സ്പൂഫ് വീഡിയോ വൈറലായിരിക്കുകയാണ്.
ചിത്രത്തില്‍ ജോജുവിന്റെ തങ്കന് ചേട്ടന് എന്ന കഥാപാത്രവും വര്‍ക്കിച്ചനെ അവതരിപ്പിച്ച ജാഫര്‍ ഇടുക്കിയും വിനയ് ഫോര്‍ട്ടും ചെമ്പന്‍ വിനോദ് ജോസും ഒന്നിച്ചെത്തുന്ന ഒരു രംഗമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഡയലോഗിലെ തെറിവിളികള്‍ക്ക് പകരം ‘മാന്യമായ’ ചില ഡയലോഗ് ചേര്‍ത്തു വച്ചതാണ് വീഡിയോ. നിങ്ങളെ ആരോ പറ്റിച്ചതാണെന്നും നിങ്ങള്‍ പറയുന്ന ‘തങ്കന് ജ്യേഷ്ടന്’ താനാണെന്നും തന്നെ അറിയുമോ എന്നും ജോജുവിന്റെ കഥാപാത്രം ചോദിക്കുമ്പോള്‍ ഫെയ്സ്ബുക്കില്‍ എവിടെയോ കണ്ടിട്ടുണ്ടെന്ന ഡയലോഗാണ് ചെമ്പന്‍ വിനോദിന്റെ കഥാപാത്രം പറയുന്നത്.
വിനയ് ഫോര്‍ട്ട് പങ്കുവച്ച സ്പൂഫ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. മാന്യന് ചുരുളിയെന്നും ഒരു ജിസ്ജോയ് ചിത്രമെന്നുമൊക്കെ ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം, ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പൊലീസ് ആദ്യമായി കണ്ട് വിലയിരുത്തിയ ചിത്രമാണ് ചുരുളി. സിനിമ പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നിന്നും ചുരുളി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ആയിരുന്നു കോടതിയുടെ ഉത്തരവ്. ചിത്രത്തിലെ ഭാഷ കഥാ സന്ദര്‍ഭത്തിന് യോജിച്ചതാണെന്നും നടപടി എടുക്കാനാവില്ല എന്നുമായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്.