നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന് നായകനായി എത്തിയ ചിത്രമാണ് പത്താന്. ദീപിക പദുക്കോണ്‍ നായികയായി എത്തിയ ചിത്രത്തില്‍ ജോണ്‍ എബ്രഹാമാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് 634 കോടിയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് മാത്രം പത്താന് നേടിയത് 330 കോടിയാണ്. അടുത്ത ആഴ്ച അവസാനിക്കുമ്പോള്‍ ചിത്രം ആയിരം കോടി നേടുമെന്നാണ് കണക്കുകൂട്ടുന്നത്. വരും ദിവസങ്ങളില്‍ ഈ പ്രകടനം തുടര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ പണം ഇന്ത്യന്‍ ബോക്സ് ഓഫിസില്‍ നിന്ന് കളക്ട് ചെയ്യുന്ന ബോളിവുഡ് ചിത്രമെന്ന റെക്കോര്‍ഡ് പത്താന് സ്വന്തമാക്കും.
സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് പത്താന് സംവിധാനം ചെയ്തിരിക്കുന്നത്. നിര്‍മാതാക്കളായ യാഷ് രാജിന്റെ സ്പൈ യൂണിവേഴ്സില് ഒരുങ്ങുന്ന ആദ്യ സിനിമയാണ് പത്താന്. വാര്, ടൈഗര്‍, എന്നിവയാണ് സ്പൈ യൂണിവേഴ്സ് ഒരുക്കിയ മറ്റ് ചിത്രങ്ങള്‍. ഹൃത്വിക് റോഷന്റെ വാറിന് ശേഷം സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ജനുവരി 25നായിരുന്നു ചിത്രം തീയറ്ററുകളില്‍ എത്തിയത്.