വെഡിങ്ങ് ഫോട്ടോഷൂട്ടുകൾ ഇന്ന് ഓരോ വിവാഹത്തിന്റെയും നിർബന്ധിത ഭാഗമാകുന്ന കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത്. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് രണ്ടു കുടുംബങ്ങളെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. കാവേരി നദിയിൽ ഫോട്ടോഷൂട്ട് നടന്നുകൊണ്ടിരിക്കേ വള്ളം മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം സംഭവിച്ചിരിക്കുകയാണ്. മൈസൂർ സ്വദേശികളായ ചന്ദ്രു, ശശികല എന്നിവരാണ് മരണപ്പെട്ടത്. നവംബർ 22ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.
മൈസൂർ പാലസിൽ നടത്തിയ ഫോട്ടോഷൂട്ടിന് ശേഷം ബോട്ടിൽ ഫോട്ടോഷൂട്ട് നടത്താൻ തീരുമാനിച്ച ദമ്പതികൾക്ക് ബോട്ട് ലഭിച്ചില്ല. തുടർന്ന് ഇരുവരും അരികത്തുണ്ടായിരുന്ന കുട്ടവഞ്ചിയിൽ കയറിയപ്പോഴാണ് അപകടം ഉണ്ടായത്. വലിയ ഹീലുള്ള ചെരിപ്പ് ധരിച്ചിരുന്ന ശശികലക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് ഇരുവരും മുങ്ങിത്താഴ്ന്നത്. മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ നാല് മണിക്കൂറോളം നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടു കിട്ടിയത്.