പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിനെതിരെ നടപടി കടുപ്പിച്ച് പൊലീസ്. അന്വേഷണ സംഘം നല്കിയ അപേക്ഷയില്‍ വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. റെഡ് കോര്‍ണര്‍ ഇറക്കുന്നതിന്റെ ആദ്യപടിയായാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇതോടെ വിജയ്ബാബുവിന്റെ ഫോട്ടോ അടക്കം കേസിന്റെ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ഇന്റര്‍പോള്‍ സൈറ്റില്‍ പ്രത്യക്ഷപ്പെടും.
കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയിരിക്കുകയാണ് വിജയ് ബാബു. ദുബായിലാണ് നടന് ഒളിവില്‍ കഴിയുന്നതെന്നാണ് വിവരം. റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് വിജയ് ബാബുവിനെ ദുബായ് പൊലീസിന് പിടികൂടും. ഇതിന് ശേഷം ഇന്ത്യയിലേക്ക് അയയ്ക്കാം. ഇത് മുന്‍കൂട്ടി കണ്ട് ഇന്ത്യയുമായി പ്രതികളെ പരസ്പരം കൈമാറുള്ള കരാറില്‍ ഏര്‍പ്പെടാത്ത രാജ്യത്തിലേക്ക് വിജയ് ബാബു കടക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. വരും ദിവസങ്ങളില്‍ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
അതേസമയം, പൊലീസിന്റെ നീക്കം വിജയ് ബാബു പങ്കാളിയായ ഒടിടി ചിത്രങ്ങളെ സാരമായി ബാധിക്കാനിടയുണ്ട്. വിദേശ മുതല്‍മുടക്കുള്ള ഒടിടി പ്ലാറ്റ്ഫോമുകള് സ്ത്രീപീഡനക്കേസിലെ പ്രതികള്‍ക്ക് പങ്കാളിത്തമുള്ള വിലയ്ക്കുവാങ്ങി പ്രദര്‍ശിപ്പിക്കാറില്ല. ഇത് വിജയ് ബാബുവിന് തിരിച്ചടിയാകും.