യൂട്യൂബ് ചാനലിലൂടെ കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച മലയാളി വ്ളോഗറെ വിലക്കി കോടതി. സഞ്ജു ടെക്കി എന്ന യൂട്യൂബ് വ്ളോഗറെയാണ് കോടതി വിലക്കിയത്. സമൂഹ മാധ്യമങ്ങളിലൂടെ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി എന്‍സിഎസ് ഓട്ടോമോട്ടീവ്സ് നല്കിയ പരാതിയിലാണ് കോടതിയുടെ നടപടി.
പതിനാല് ലക്ഷം സബ്സ്ക്രൈബേഴ്സാണ് സഞ്ജുവിനുള്ളത്. എന്‍സിഎസില്‍ നിന്ന് 20 ലക്ഷത്തോളം വില വരുന്ന ടാറ്റ സഫാരി വാങ്ങിയെന്നും കബളിപ്പിക്കപ്പെട്ടുവെന്നുമായിരുന്നു സഞ്ജുവിന്റെ ആരോപണം. കാര്‍ തകരാറിലായെന്ന് പറഞ്ഞ് കഴിഞ്ഞയാഴ്ചയാണ് സഞ്ജു രംഗത്തെത്തിയത്. ടാറ്റ സഫാരിക്കെതിരെ പന്ത്രണ്ട് വിഡിയോകള്‍ ഇതുവരെ ചെയ്തു. അഞ്ച് ലക്ഷത്തോളം കാഴ്ചക്കാരാണ് ഓരോ വിഡിയോകള്ക്കുമുള്ളത്. ഇതോടെയാണ് എന്‍സിഎസ് കമ്പനി കോടതിയെ സമീപിച്ചത്.
വിഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുനിഷ്ഠമല്ലെന്നാണ് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കമ്പനി പറയുന്നത്. വ്ളോഗര്‍ സഭ്യമല്ലാത്ത ഭാഷയിലാണ് സംസാരിച്ചതെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ വിഡിയോ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.