സ്വയം ഇരയാകാന്‍ താത്പര്യപ്പെടാറില്ലെന്ന് നടി മമ്ത മോഹന്‍ദാസ്. ഇരയാകുന്നത് ഏറെ ഇഷ്ടപ്പെടുന്നവരുടെ നാടാണ് നമ്മുടേത്. സ്വയം ഇരയാകുന്നത് ചില സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ട്. എത്ര കാലമാണ് ഇവര്‍ ഇതേ പാട്ട് പാടികൊണ്ടിരിക്കുന്നതെന്നും മംമ്ത ചോദിച്ചു.
ഇരയാണെന്ന മനോഭാവത്തില്‍ നില്‍ക്കാതെ സ്ത്രീയെന്ന അഭിമാനത്തില്‍ മറ്റുളളവര്‍ക്ക് ഒരു ഉദാഹരണമായി ജീവിക്കുകയാണ് വേണ്ടത്. സ്ത്രീകള്‍ അവരുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ബുദ്ധിപരമായി പെരുമാറാറുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ യുക്തി പരമായി പെരുമാറാതെ വിമത ശബ്ദമുയര്‍ത്താനാണ് സ്ത്രീകള്‍ ശ്രമിക്കാറുളളത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് ചിന്തിക്കാറുണ്ടെന്നും മമ്ത പറഞ്ഞു.
തനിക്കെതിരേയുളള വിമര്‍ശനങ്ങളില്‍ തളരാറില്ല. താന്‍ പ്രിവിലേജഡ് ആയതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംസാരിക്കാന്‍ പറ്റുന്നത് എന്നാണ് പലരും പറയുന്നത്. അങ്ങനെ പറയുന്നവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകും. താന്‍ ജനിച്ചത് സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലല്ല. പല മോശം സാഹചര്യങ്ങളിലും തന്റെ കൂടെ നിന്നത് കുടുംബമാണ്. ഇരയാണെന്ന രീതിയില്‍ താന്‍ ഇതുവരെ ഒരിടത്തും പെരുമാറിയിട്ടില്ല. അതിന് താത്പര്യവുമില്ലെന്നും മമ്ത കൂട്ടിച്ചേര്‍ത്തു.