അങ്കമാലിക്കാരുടെ ഐക്യവും ആഘോഷങ്ങളും നാടിന്റെ നന്മയുമെല്ലാം തുറന്ന് കാട്ടിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ്. ഇപ്പോളിതാ അങ്കമാലിയുടെ മനസ്സറിഞ്ഞ മറ്റൊരു ചിത്രവും കൂടി തീയറ്ററുകളിൽ എത്തിയിരിക്കുന്നു. മനോജ് വര്‍ഗീസ് പാറേക്കാട്ടില്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ക്യൂബൻ കോളനി എന്ന ചിത്രം അങ്കമാലിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരിച്ചത്. അങ്കമാലി ക്യൂബന്‍ കോളനിയില്‍ താമസിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പട്ടാളക്കാരനായ മാർട്ടിൻ തന്റെ സഹോദരിയുടെ വിവാഹത്തിനായി ക്യൂബൻ കോളനി എന്ന തന്റെ നാട്ടിലെത്തിയിരിക്കുകയാണ്. ആഘോഷ രാവുകളിലേക്ക് മാർട്ടിന്റെ സുഹൃത്തുക്കൾ കൂടി ചേരുമ്പോൾ അതിന് അഴകേറുന്നു. പക്ഷേ ചില അപ്രതീക്ഷിത സംഭവങ്ങൾ ചേരി തിരിഞ്ഞുള്ള പോരാട്ടത്തിന് കളമൊരുക്കുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.
മഹേഷിന്റെ പ്രതികാരം മെക്സിക്കന്‍ അപാരത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിനോ ജോണ്‍, അങ്കമാലി ഡയറിസിലൂടെ കടന്നുവന്ന ശ്രീകാന്ത് (പരിപ്പ് മാര്ട്ടിന്), നവാഗതരായ ഏബല്‍ ബി കുന്നേല്‍, ശ്രീരാജ്, ഗോകുല്‍ എന്നിവര്‍ അഞ്ചു സുഹൃത്തുക്കളായി എത്തുമ്പോള്‍, ഐശ്വര്യ ഉണ്ണി, ഡി ഫോര്‍ ഡാന്‍സ് ഫെയിം അനഘ മരിയ വര്‍ഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2000ത്തോളം പേര് പങ്കെടുത്ത ഓഡിഷനില്‍ നിന്നും 3 ഘട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത 100ഓളം പുതുമുഖങ്ങളും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നു. കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നല്‍കുന്നതോടൊപ്പം മികച്ച ഒരു ആക്ഷന്‍ ത്രില്ലര്‍ കൂടിയാണ് ചിത്രം.
സംവിധായകൻ തന്നെ തിരക്കഥാകൃത്ത് ആകുമ്പോൾ തന്റെ ആശയങ്ങളെ ആവിഷ്ക്കരിക്കുവാൻ പ്രത്യേകമായ ഒരു സ്വാതന്ത്ര്യം കൈവരിക്കുവാൻ സാധിക്കുന്നുണ്ട്. എങ്കിൽ തന്നെയും കഥയെ പൂർണമായിട്ടും പ്രേക്ഷകനിലേക്ക് എത്തിക്കുവാൻ തിരക്കഥക്ക് സാധിക്കാതെ പോയോ എന്നൊരു സംശയം ബാക്കി നിൽക്കുന്നുണ്ട്. സിനോജ് പി അയ്യപ്പൻ തന്റെ ക്യാമറ കണ്ണുകൾ കൊണ്ട് സംവിധായകൻ കാണാൻ ആഗ്രഹിച്ചത് പിടിച്ചെടുത്തപ്പോൾ അത് പ്രേക്ഷകനും നല്ലൊരു അനുഭവമായി. അരിസ്റ്റോ സുരേഷ് ആലപിച്ച മാങ്ങാക്കറി പാട്ട് പ്രേക്ഷകനിലെ കൊതിയെ ഉണർത്തിയിട്ടുണ്ടെന്ന് ഉറപ്പ്. അലോഷ്യ കാവുംപുറത്തിന്റെ മ്യൂസിക് ചിത്രത്തിന് വളരെയേറെ സഹായങ്ങൾ പകരുന്നുണ്ട്. ചില പോരായ്മകൾ മാറ്റി നിർത്തിയാൽ ക്യൂബൻ കോളനിക്ക് പിന്നിൽ പ്രവർത്തിച്ചവരെല്ലാം ഒരു വലിയ കൈയ്യടിക്ക് അർഹരാണ്. പുതുമുഖങ്ങളെ അണിനിരത്തി ഇവർ ഒരുക്കിയ ഈ ചിത്രം തീർച്ചയായും തീയറ്ററുകളിൽ കണ്ട് വിജയിപ്പിക്കേണ്ട ഒന്നാണ്.