അവതാരക കൈയിൽ ചരട് കെട്ടിയതിനെ അപമാനിച്ച നടൻ സുരാജ് വെഞ്ഞാറമൂടിന് എതിരെ സൈബർ ആക്രമണം. ഫ്ലവേഴ്സ് ടിവിയുടെ കോമഡി സൂപ്പർ നൈറ്റ് പരിപാടിക്കിടയിൽ ആയിരുന്നു അവതാരകയായ അശ്വതി ശ്രീകാന്തിന് എതിരെ സുരാജ് വിവാദമായ പരാമർശം നടത്തിയത്. നേരത്തെ സംപ്രക്ഷണം ചെയ്ത വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അവതാരകയായ അശ്വതി ശ്രീകാന്ത് കൈയിൽ കെട്ടിയ ചരടിന് എതിരെ ആയിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ പരാമർശം.
പരിപാടിക്കിടെ സുരാജ് വെഞ്ഞാറമൂടിന് അവതാരകയായ അശ്വതി ശ്രീകാന്ത് കൈ കൊടുക്കുന്നുണ്ട്. ആ സമയത്ത് സുരാജ് അശ്വതിയുടെ കൈയിലേക്ക് നോക്കി കൈയിൽ കെട്ടിയിരിക്കുന്ന ചരടിനെ വിമർശിക്കുകയാണ്. ചരടിനെ കാണിച്ച് ‘ഇതൊക്കെ എന്തുവാടേ ഇത്’ എന്ന് സുരാജ് ചോദിക്കുമ്പോൾ മറുപടിയായി, ‘കളിയാക്കാൻ പാടില്ല’ എന്ന മറുപടിയാണ് അശ്വതി നൽകുന്നത്. അപ്പോൾ, ‘കളിയാക്കാൻ പാടില്ല, നന്നായിട്ട് സാരിയൊക്കെ ഉടുത്ത് അത്യാവശ്യം ഗ്ലാമർ ഒക്കെ ഉണ്ട്. തെറ്റില്ലാതെ ഒക്കെ നിൽക്കുന്നു. കൈയിൽ അനാവശ്യമായി ചില ചരടുകൾ, ചില ആലുകളിലൊക്കെ ഉള്ളതുപോലെ, ശരംകുത്തി ആലിന്റെ മുമ്പിലൊക്കെ കാണുന്നതു പോലെ കെട്ടി വെച്ചേക്കുന്നു. വളരെ മോശമല്ലേ ഇതൊക്കെ’ – എന്നായിരുന്നു സുരാജിന്റെ പരാമർശം. സുരാജിന് ഇങ്ങനെ പറയുന്ന സമയത്ത് അശ്വതി വിഷമത്തോടെ നിൽക്കുന്നതും കാണാം.
ഏതായാലും ഈ വീഡിയോ എത്തിയതോടെ സുരാജ് വെഞ്ഞാറമൂടിന് എതിരെ ഇപ്പോൾ സൈബർ ആക്രമണം ശക്തമായിരിക്കുകയാണ്. മമ്മൂട്ടിക്ക് പിറന്നാൾ ആശംകൾ നേർന്ന് സുരാജ് പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റ് ബോക്സ് നിറയെ അധിക്ഷേപ കമന്റുകളാണ്. സുരാജ് വെഞ്ഞാറമൂടിന്റെ വിവാഹ ചിത്രത്തിൽ അദ്ദേഹത്തിന്റെ കൈയിൽ ചരട് കെട്ടിയിട്ടുണ്ട്. കമന്റ് ബോക്സിൽ ഈ ചിത്രവും ചിലർ പോസ്റ്റ് ചെയ്തിട്ടുണ്ട്. സുരാജ് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സിനിമകൾ ബഹിഷ്കരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.